തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിലെ വെടിപ്പുരയിലുണ്ടായ തീപിടുത്തത്തിൽ ഒരാൾക്ക് പൊള്ളലേറ്റു. വെടിപ്പുരയിലെ ജീവനക്കാരൻ വളമംഗലം മന്നത്ത് മഠത്തിൽ സുരേഷി (35) നാണ് പൊള്ളലേറ്റത്. ഇയാളെ എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവംം. വെടി വഴിപാടിനായി കതിനാ കുറ്റിയിൽ കരിമരുന്ന് നിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഈ സമയത്ത് ഒരു സഹായി സുരേഷിന്റെ അടുത്ത് ഉണ്ടായിരുന്നുവെങ്കിലും ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു. ചേർത്തലയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും കുത്തിയതോട് പൊലീസും ചേർന്നാണ് തീയണച്ചത്.