a

മാവേലിക്കര: സ്വർണ്ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം ആ​സൂ​ത്ര​ണം ചെ​യ്ത രണ്ട് പ്രതികൾ പിടിയിൽ. മലപ്പുറം പൊന്നാനി വലിയവളപ്പിൽ രാജേഷ് (42), പാലക്കാട് കാപ്പൂർ മലപ്പുറത്ത് വീട്ടിൽ ഹാരീസ് (28) എന്നിവരാണ് പിടിയിലായത്.

എറണാകുളം, നെടുമ്പാശേരി, ചങ്ങരക്കുളം എന്നിവിടങ്ങളിൽ ആഡംബര ജീവിതം നയിച്ച് ഒഴിവിൽ താമസിച്ചിരുന്ന പ്രതികളെ ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, ചെങ്ങന്നൂർ ഡിവൈ എസ്.പി ആർ.ജോസ്, മാന്നാർ സി.ഐ എസ്.നുമാൻ, സി.പി.ഒമാരായ റിയാസ്, സിദ്ദിഖ് ഉൾ അക്ബർ, അരുൺ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്ത്. ഇതോടെ കേസിൽ 13 പേർ പിടിയിലായി. വിദേശത്ത് നിന്നു കേരളത്തിലേക്ക് വൻതോതിൽ സ്വർണക്കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നും അന്വേഷണ സംഘം തലവൻ ആർ.ജോസ് പറഞ്ഞു. പ്രതികൾ സഞ്ചരിച്ചിരുന്ന ആറ് കാറുകൾ കസ്റ്റഡിയിൽ എടുത്തു. കൂടാതെ ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.

സ്വർണക്കടത്ത് സംഘത്തിന് ആയുധങ്ങൾ എത്തിച്ചു കൊടുത്ത സോമേഷ് കുമാറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നാല് ഘട്ടങ്ങളായാണ് പ്രതികളെ പിടികൂടിയത്. പ്രധാന പ്രതി മുഹമ്മദ് ഖനിഫ വിദേശത്താണ്. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ ഊർജിതമാക്കി. കഴിഞ്ഞ ഫെബ്രുവരി 22 ന് ദുബായിൽ നിന്നെത്തിയ കുരട്ടിക്കാട് വിസ്മയ വിലാസത്തിൽ ബിന്ദുവിനെ (39) ഇരുപതോളം വരുന്ന സംഘം അർദ്ധരാത്രിയിൽ വീട് ആക്രമിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കി തട്ടിക്കൊണ്ട് പോകുകയായിരുന്നു. ക്രൂരമർദ്ദനത്തിനിരയായ ബിന്ദുവിനെ അന്ന് ഉച്ചയോടെ പാലക്കാട് വടക്കഞ്ചേരിക്ക് സമീപമുള്ള റോഡരികിൽ ഉപേക്ഷിച്ച് സംഘം കടന്നു. വടക്കഞ്ചേരി പൊലീസിന്റെ സഹായത്തോടെയാണ് ബിന്ദു നാട്ടിലെത്തിയത്. നട്ടെല്ലിന് ക്ഷതമേറ്റ ഇവർ ശസ്ത്രക്രിയയ്ക്ക് വിധേയയായി ഇപ്പോഴും ചികിത്സയിലാണ്. ദുബായിൽ നിന്നു നാട്ടിലെത്തിക്കാൻ ഏൽപ്പിച്ച ഒന്നര കിലോ സ്വർണ്ണം കേരളത്തിലെ സംഘത്തിന് കൈമാറാത്തതാണ് തട്ടിക്കൊണ്ട് പോയതിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.