നടത്തം നല്ലൊരു വ്യായാമമാണെന്ന് അറിയാമെങ്കിലും കാറും ബൈക്കുമൊക്കെയുള്ളത് കൊണ്ട് നടക്കാൻ മടി കാണിക്കുന്നവരാണ് ഏറെപ്പേരും. ശരീര പേശികൾക്ക് ഉത്തേജനം നൽകുന്ന വർക്കൗട്ട്. മാത്രമല്ല ചുറ്റുമുള്ള ശുദ്ധവായു ശ്വസിച്ചുകൊണ്ട് ശാന്തമായ അന്തരീക്ഷത്തിൽ നടന്നാൽ നമ്മുടെ ഉള്ളിൽ പോസിറ്റീവ് എനർജി നിറയും. രാവിലെയോ വൈകുന്നേരമോ ഒരു നടത്തം ശീലമാക്കാം. യാതൊരു സമ്മർദവും ഇല്ലാതെ സുഖമായ ഒരു നടത്തം എത്ര നല്ല അനുഭവമാകും. ദിവസവും കുറച്ചു നേരം നടക്കുക എന്നത് ജീവിത ശീലമായി മാറ്റിയെടുക്കണം. ശരീരത്തിന്റെ തടി കുറയ്ക്കാനും ശരീരഭംഗി നേടുവാനും മോണിംഗ് വാക്കിന് സാധിക്കും. മസിലുകളുടെ ആരോഗ്യത്തിന് രാവിലെയുള്ള നടത്തം വളരെ നല്ലതാണ്. ഇത് നിതംബം, കാലുകൾ, തുടകൾ തുടങ്ങിയവിടങ്ങളിലെ മസിലുകൾക്ക് ഉറപ്പും ആകൃതിയും നൽകുന്നു.
ഉറപ്പോടെ ഓരോ ചുവടും
നടത്തം വ്യായാമമാകുമ്പോൾ ഒരു കാര്യം ഓർത്തിരിക്കുക. ശരീര സന്തുലനാവസ്ഥ നിലനിർത്തി വേണം ചുവടുകൾ വെക്കാൻ. നടക്കുന്ന രീതിയിൽ അപാകതകളുണ്ടായാൽ ചലനങ്ങളിൽ സ്വാഭാവികരീതിയിൽ നിന്നും വ്യതിയാനങ്ങൾ വന്നാൽ ശരീരത്തെ അത് പ്രതികൂലമായിബാധിക്കും. കാൽവെപ്പുകൾ കൃത്യമായിരിക്കണം, ഓരോരുത്തരുടെയും ലെഗ് സ്പേസിന് അനുസരിച്ചായിരിക്കും അവരുടെ ചുവടുവയ്പ്പ്. ആ സ്പേസിലും കൂടിയ അകലത്തിൽ ചുവടുവയ്ക്കുന്നത് മുട്ടുകൾക്ക് സമ്മർദമുണ്ടാക്കും. നടക്കുമ്പോൾ ആദ്യം നിലത്ത് പതിയേണ്ടത് മുന്നിലേക്കുള്ള കാലിന്റെ മടമ്പ് ഭാഗമാണ്. തുടർന്ന് കാലടിയുടെ മദ്ധ്യഭാഗം നിലത്തമർന്ന് കാൽവിരലുകൾ നിലത്തമർത്തണം. തുടർന്ന് രണ്ടാമത്തെ കാൽ ഇതുപോലെ ചുവടുവയ്ക്കണം. അരമണിക്കൂർ നടന്നാൽ 120 കലോറി ഊർജം ചെലവഴിക്കാം.
ഇങ്ങനെ നടക്കൂ
* നടക്കാൻ തുടങ്ങുന്നതിന് മുൻപ് ശരീരത്തിന് സ്ട്രെച്ചിംഗ് നൽകുന്ന ചെറിയ വ്യായാമങ്ങൾ അഞ്ച് മിനിറ്റ് ചെയ്യണം.
* കൈകൾ ഉയർത്തുക, താഴ്ത്തുക, കുനിഞ്ഞ് കാൽവിരലുകളിൽ തൊടുക, തോളുകൾ ചലിപ്പിക്കുക തുടങ്ങിയ ചെറിയ വാം അപ്പ് എക്സർസൈസുകളാണ് ചെയ്യേണ്ടത്.
* നടക്കാൻ തുടങ്ങുമ്പോൾ കുറഞ്ഞ വേഗത്തിലായിരിക്കണം. ക്രമേണ വേഗം കൂട്ടാം, നടത്തം അവസാനിപ്പിക്കുന്നതിന് മുമ്പ് വേഗം വീണ്ടും കുറച്ച് സാവധാനത്തിൽ അവസാനിപ്പിക്കണം.
* നടക്കുമ്പോൾ തല നേരെയാക്കി താടി ഉയർത്തി നേരെനോക്കി നടക്കുക. തല താഴ്ത്തി നടക്കരുത്.
* നെഞ്ച് മുന്നോട്ടേക്ക് കുനിയുന്ന രീതിയിൽ നടക്കരുത്.
* നടുവ് വളയരുത്, തൂങ്ങിപ്പിടിച്ചതുപോലെയുള്ള നടപ്പ് നടുവിന് ആയാസകരമാവും.
* നടക്കുമ്പോൾ നന്നായി ശ്വസിക്കണം. വയറിലെ പേശികൾക്ക് മുറുക്കം ലഭിക്കണം.
* കൈകൾ വീശി നടക്കണം,
* ചുമലുകൾ കുനിച്ച് നടക്കരുത്. അത് കൈകൾക്കും ഒപ്പം നടുവിനും കഴുത്തിനും സമ്മർദ്ദം കൂട്ടും. ഒപ്പം നടുവിനും ചുമലുകൾക്കും അമിത ആയാസവും നൽകും.
* നടക്കുമ്പോൾ സഹയാത്രികനോട് സംസാരിക്കാനാകുന്ന തരത്തിൽ ചെറിയ കിതപ്പുണ്ടാകണം, എന്നാൽ കിതച്ച് ശ്വാസംമുട്ടാൻ ഇടയാകരുത്.
* നടക്കുമ്പോൾ യോജിച്ച അളവിലുള്ള വാക്കിംഗ് ഷൂസ് ധരിക്കണം. വളരെ ഇറുകിയതോ അയഞ്ഞതോ ആയ ഷൂസ് പാടില്ല. ഹീൽസ് അധികം വേണ്ട. നടക്കുമ്പോൾ കാൽ തെറ്റാൻ അത് ഇടയാക്കും.
നടത്തം രാവിലെ ആക്കിയാൽ
വ്യായാമത്തിന്റെ നല്ലൊരു രൂപമാണ് മോണിംഗ് വാക്ക്. ആരോഗ്യകരമായ വ്യായാമങ്ങളിൽ നല്ല നടപ്പിന് ഒന്നാം സ്ഥാനമാണുള്ളത്. ശരീരത്തിനും മനസിനും ഊർജം നൽകാൻ മോണിംഗ് വാക്കിന് സാധിക്കും. ദിവസവും ഒരു മോണിംഗ് വാക്കിന് പോയി നോക്കൂ, അപ്പോൾ മനസിലാകും നടത്തം എന്ത് സുഖകരമായ വ്യായാമമാണെന്ന്. കുറച്ചുനേരം നടക്കുന്നതിലൂടെ ശരീരത്തിന് വ്യായാമവും മനസിന് സന്തോഷവും ലഭിക്കും. രാവിലെയുള്ള നടത്തത്തിന്റെ ഗുണങ്ങളെന്തൊക്കെയെന്ന് നോക്കാം
* രാവിലെ നടക്കുന്നത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. കൊഴുപ്പ് ഒഴിവാക്കും.
* മോണിംഗ് വാക്ക് രക്തത്തിലെ ഗ്ലൂക്കോസ് അളവു താഴ്ത്തും. ഇതിലൂടെ പ്രമേഹം നിയന്ത്രിക്കും. അമേരിക്കൻ ഡയബറ്റിക് അസോസിയേഷനിന്റെ അഭിപ്രായം പതിവായുള്ള നടത്തം പ്രമേഹത്തെ വരുതിയിലാക്കാൻ സഹായിക്കുന്ന ഏറ്റവും വലിയ മാർഗങ്ങളിൽ ഒന്നാണ് 45 മിനിട്ട് വരെയുള്ള മന്ദഗതിയിൽ ഉള്ള നടത്തത്തിൽ തുടങ്ങി 5-10 മിനിറ്റ് നേരം ഉള്ള മിതമായ വേഗത്തിലുള്ള നടത്തം വരെ ആകാം. നടക്കുമ്പോൾ തല ഉയർത്തിപ്പിടിച്ച് നട്ടെല്ല് നിവർത്തിയുള്ള പൊസിഷനിൽ തന്നെ ആയിരിക്കണം
* ബി.പി. കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് നടത്തം. ദിവസേനയുള്ള പത്തു മിനിറ്റ് നടത്തം രക്ത സമ്മർദം കുറക്കാനുള്ള ഫലപ്രദമായ മാർഗമാണെന്നു അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ അഭിപ്രായപ്പെടുന്നു.
* ജോലിയിലെ ടെൻഷൻ ഒഴിവാക്കുന്നതിനുള്ള നല്ലൊരു വഴിയാണ് രാവിലെയുള്ള നടത്തം. ഇത് കാര്യങ്ങൾ ശാന്തമായി ചെയ്യുന്നതിനും ജോലിയിലെ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. സ്ട്രെസ് കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണിത്.
* പ്രത്യേകിച്ച് നടത്തം തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം വർദ്ധിപ്പിക്കും. തലച്ചോറിന്റെ പ്രവർത്തനം കൃത്യമായി നടക്കാൻ സഹായിക്കും. 2011 ൽ പ്രൗഡിംഗ് ഒഫ് നാഷണൽ അക്കാഡമി ഒഫ് സയൻസിൽ പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം ആഴ്ചയിൽ 40 മിനിറ്റ് സമയം മൂന്നു തവണ നടക്കുന്നവരുടെ ഹിപ്പോ ക്യാമ്പസിന്റെ വ്യാപ്തി രണ്ടു ശതമാനം വർദ്ധിപ്പിക്കുന്നു. 2014ൽ അമേരിക്കൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ്സ് ഒഫ് സയൻസിന്റെ ആനുവൽ റിപ്പോർട്ട് പ്രകാരം ദിവസേനെ ഉള്ള നടത്തം തലച്ചോറിന്റെ ചുരുക്കൽ പ്രീക്രിയയെ മന്തഗതിയിൽ ആക്കും
* കൊളസ്ട്രോൾ പ്രശ്നങ്ങളുള്ളവർക്ക് രാവിലെയുള്ള നടത്തം നല്ലതാണ്. ഇത് നല്ല കൊളസ്ട്രോളായ എച്ച്.ഡി.എൽ. കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുളള നല്ലൊരു വഴിയാണിത്.
* ഗർഭിണികൾ രാവിലെ നടക്കുന്നത് അബോർഷൻ പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഗർഭകാലത്ത് അനുഭവപ്പെടുന്ന തളർച്ചയും ക്ഷീണവും, മറ്റ് പ്രശ്നങ്ങളും കുറയ്ക്കാൻ നടത്തം കൊണ്ട് സാധിക്കും. മാനസിക സമ്മർദം നേരിടുന്നവരാണ് ഇന്ന് അധികവും.
* ഹൃദയത്തിന് രാവിലെയുള്ള നടപ്പ് രക്തപ്രവാഹം വർദ്ധിപ്പിക്കും. ഇതുകൊണ്ടുതന്നെ ഇത് ഹൃദയത്തിന് നല്ലതാണ്. രാവിലെ നടന്ന് നോക്കൂ, അന്നത്തെ ദിവസം മുഴുവൻ ഊർജസ്വലരായിരിക്കും.ഹവാർഡ് മെഡിക്കൽ സ്കൂളിന്റെ പഠനമനുസരിച് ആഴ്ചയിൽ രണ്ടര മണിക്കൂർ നടക്കുന്നത് ( ദിവസവും 21 മിനുട്ട് ) ഹൃദ്രോഗ സാദ്ധ്യത 30 ശതമാനം കുറക്കുന്നു .അതായത് പതിവായുള്ള നടത്തം കൊണ്ട് 100 ബില്യൺ ആരോഗ്യ പരിചരണ ചെലവിൽ നിന്ന് അമേരിക്കക്കാർക്ക് കുറക്കുവാൻ സാധിക്കും. 2009 ഹവാഡ് മെൻസ് ഹെൽത്ത് വാച്ച് റിപ്പോർട് പ്രകാരം സാധാരണകർക്കിടയിൽ നടത്തിനെ കുറിച്ചുള്ള അവബോധം വളരെ കുറവാണ്.
* 2012 ൽ നടന്ന ഹവാർഡ് യൂണിവേഴ്സിറ്റി വുമൺ ഹെൽത്ത് സ്റ്റഡി റിപ്പോർട്ട് പ്രകാരം സ്തനാർബുദവും ഗർഭാശയഅർബുദവും കാരണമുള്ള മരണത്തിന്റെ സാധ്യത 19ശതമാനം വരെ 13 മണിക്കൂർ ആഴ്ചയിൽ നടക്കുന്നത് വഴി കുറക്കാൻ കഴിയും. 35 മണിക്കൂർ വരെ നടത്തം ശീലമാക്കിയമാർക്ക് 54 ശതമാനം വരെ സാദ്ധ്യത കുറയുന്നു. അമേരിക്കൻ കാൻസർ സൊസൈറ്റി നടത്തിയ പഠന പ്രകാരം ആഴ്ചയിൽ 7 മണിക്കൂർ ശീലമാക്കിയവർക്ക് സ്തനാർബുദത്തിന്റെ സാദ്ധ്യത 14 ശതമാനം വരെ കുറയുന്നു .ഈ പഠനം നടത്തിയത് 73,600 പേരിൽ രണ്ടു പതിറ്റാണ്ട് കാലമാണ് അത് കൊണ്ട് തന്നെ റിപ്പോർട്ടുകളേക്കാൾ കൂടുതൽ വിശ്വസിനീയമായി ഇതിനെ കാണുന്നു .
* 2014 അമേരിക്കൻ മെഡിക്കൽ അസോസിയേഷൻന്റെ പഠനപ്രകാരം ചെറുപ്പക്കാലം മുതൽ നടത്തം ശീലമാക്കിയവർക്ക് വാർദ്ധക്യകാലത്ത് കൂടുതൽ ആരോഗ്യം ഉണ്ടാകും 70-89 വയസു പ്രായമുള്ളവർക്ക് ഇടയിൽ ആണ് ഈ പഠനം നടത്തിയത്. രണ്ടരവർഷത്തെ പഠനത്തിന് ശേഷം ഗവേഷകർ കണ്ടെത്തി, പതിവായി വ്യയാമം ചെയ്യുന്നവർക്ക് ശാരീരികവൈകല്യങ്ങൾക്കുള്ള സാദ്ധ്യത 28ശതമാനം വരെ കുറയുന്നു.
ശരിക്ക് നടന്നില്ലെങ്കിൽ
* നടുവിന് അമിത ആയാസം അനുഭവപ്പെടും. അത് നടുവേദനയ്ക്ക് കാരണമായിത്തീരാം.
* നടക്കാൻ തുടങ്ങുമ്പോൾ ചുമലുകൾ കുനിച്ച് നടക്കുന്നത് സ്ഥിരമാക്കുമ്പോൾ ആ ഭാഗത്തെ പേശികൾക്കും അസ്ഥികൾക്കും ചലനം കുറയും, അത് ശരീരത്തിന് ചരിവ് / വളവ് ഉണ്ടാകാൻ ഇടയാക്കും.
* തല കുനിച്ചു നടക്കൽ സ്ഥിരമായാൽ കഴുത്തിലേയും ചുമലുകളിലേയും പേശികൾക്കും അസ്ഥികൾക്കും വേദനയുണ്ടാകാം.
* ഓടുമ്പോൾ മുന്നോട്ടു കുതിക്കാൻ കാൽവിരലുകളാണ് ആദ്യം തറയിൽ പതിയുന്നത്. എന്നാൽ ഈ രീതിയിൽ നടന്നാൽ ആദ്യം കാൽമുട്ടുകളിലേക്കും പിന്നീട് നടുവിലേക്കും വേദന ഉണ്ടാവാനിടയുണ്ട്.