116 മില്യൺ കാഴ്ചക്കാരുമായി ലോകം ഏറ്റു പാടുന്ന എൻജോയ് എൻജാമി വ്യക്തമായ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കുന്നത്, ആ പാട്ടിന് പിന്നിൽ പ്രതിഷേധമുണ്ട്, സംസ്കാരമുണ്ട്, ജീവിതമുണ്ട്...
പശ്ചാത്തലം കൊടും കാട്. സംഗീതത്തിന് പെരുമ്പറയുടെ ചടുലതാളം. ആയുസിന്റെ കഠിനാദ്ധ്വാനത്തിൽ പൊന്നുവിളയിച്ച മണ്ണിൽ നിന്ന് വേരറുത്ത് മാറ്റപ്പെട്ടവന്റെ ഒപ്പാരിക്കൊപ്പം തിളച്ചുപൊന്തുന്ന ഹിപ്പ് ഹോപ്പിന്റെ വേഗത.... 'എൻജോയ് എൻജാമി"! ഭാഷയും ദേശവും മനുഷ്യരും തീർത്ത അതിർത്തികൾ വെട്ടിമുറിച്ച് സ്വീകാര്യതയുടെ പുതുതരംഗമാകുകയാണ്. ഈ തമിഴ് റോക്ക് ഒപ്പാരി മ്യൂസിക് ആൽബം. ഒരു മാസം കൊണ്ട് എൻജാമി എൻജോയ് ചെയ്തത് 116 മില്യൺ കാഴ്ചക്കാരെയാണ്. വൈറലും ട്രെൻഡ്സെറ്ററുമായി ഒട്ടേറെ ഗാനങ്ങൾ ഇതിന് മുൻപും ലോകം കാതോർത്തിട്ടുണ്ടെങ്കിലും മണ്ണില്ലാത്തവന്റെ തുല്യതയ്ക്കുള്ള പ്രതിഷേധമെന്ന വ്യക്തമായ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നുവെന്നതാണ് എൻജോയ് എൻജാമിയുടെ ജനപ്രീതിയ്ക്ക് ആക്കം കൂട്ടുന്നത്. ഗ്രാമങ്ങൾ മുതൽ മെട്രോ നഗരങ്ങളിലെ മാളുകളിൽ പോലും എൻജാമിയ്ക്കൊപ്പം വേരറുക്കപ്പെട്ടവന്റെ പ്രതിഷേധത്തിനൊപ്പം പങ്ക് ചേരുന്ന കോടികണക്കിന് മനുഷ്യർ. പ്രായഭേദമന്യേ സ്ഥലഭേദമന്യേ എല്ലാവരുടെയും ചുണ്ടുകളിൽ കുക്കൂ... കുക്കൂ... നിറയുന്നു.
കുടിയേറ്റക്കാരുടെ പാട്ട്
സ്വതന്ത്ര്യ സംഗീതത്തേയും സ്വതന്ത്രകലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിന് സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ നേതൃത്വത്തിൽ തുടക്കമിട്ട 'മാജ്ജാ" എന്ന യൂട്യൂബ് ചാനൽ വഴി കഴിഞ്ഞ മാർച്ച് ഏഴിനാണ് 'എൻജോയ് എൻജാമി" പുറത്തെത്തുന്നത്. മാജ്ജായുടെ ആദ്യ മ്യൂസിക് ആൽബം കൂടിയായിരുന്നു ഇത്. ഗായിക ധീയും (ധീക്ഷിത വെങ്കിടേശൻ) ഗായകനും സംഗീതസംവിധായകനും എഴുത്തുകാരനുമായ അറിവ് അരശ് കലൈനേശനും ചേർന്ന് പാടിയഭിനയിച്ച ഗാനത്തിന്റെ വരികളെഴുതിയതും അറിവ് തന്നെയായിരുന്നു. ശ്രീലങ്കയിൽ കുടിയേറാൻ വിധിക്കപ്പെട്ട സ്വന്തം മുത്തശി വള്ളിയമ്മയുടെ കരളലിയിക്കുന്ന ജീവിതാനുഭവങ്ങളാണ് ഒപ്പാരിയിലൂടെ അറിവ് ലോകത്തെ കേൾപ്പിച്ചത്. കൊടും ചൂടിൽ വറ്റിവരണ്ട തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിലെ പട്ടിണിയിൽ നിന്ന് കുടുംബങ്ങളെ രക്ഷിക്കാൻ ശ്രീലങ്കയിലെ തോട്ടങ്ങളിൽ കൂലിപ്പണിക്ക് പോകുന്ന മനുഷ്യരുടെ കഥയാണ് അറിവ് പറയുന്നത്. ഒരു കാലത്ത് തമിഴ്നാട്ടിൽ ഇത്തരം കുടിയേറ്റങ്ങൾ വ്യാപകമായിരുന്നു. തേയില, റബ്ബർ, കാപ്പി തോട്ടങ്ങളിലേക്കാണ് ഇവരെ പണിയെടുക്കാൻ ദല്ലാൾമാർ കൊണ്ടുപോയിരുന്നത്. കേൾക്കുന്നത്ര എളുപ്പമല്ല ആ ജീവിതങ്ങളുടെ കുടിയേറ്റകാലം. തുച്ഛമായ കൂലിയ്ക്ക് വെയിലും മഴയുമേറ്റ് കഠിനാദ്ധ്വാനം ചെയ്യുന്ന ഇവർ പക്ഷേ ഒരുകാലത്തും ദാരിദ്ര്യത്തിൽ നിന്ന് മുക്തരായിരുന്നില്ല. ലയങ്ങളിൽ തിങ്ങിഞെരുങ്ങി കഴിയുന്ന ഇവർക്ക് ഒരു തുണ്ട് ഭൂമിയ്ക്ക് പോലും അവകാശമില്ല. ആരോഗ്യം നശിച്ച് ജീവിതത്തിന്റെ അവസാനപാതിയോട് അടുക്കുമ്പോൾ ഉടുതുണിയോടെ തിരികെ നാട്ടിലേക്ക് മടക്കി അയക്കും. അപ്പോഴേയ്ക്കും ജനിച്ചു വളർന്ന നാട് ഇവർക്ക് അന്യമായിട്ടുണ്ടാകും. ഉപജീവനത്തിനായി മറ്റു ജോലികൾ തേടേണ്ട അവസ്ഥ. ലോക്ക് ഡൗൺ സമയത്ത് അറക്കോണത്തെ വീട്ടിൽ കുടുങ്ങിക്കഴിയുമ്പോഴാണ് 'മാജ്ജാ"യിൽ നിന്ന് അറിവിനെ വിളിക്കുന്നത്. അന്തർദേശീയ തലത്തിലെ 30 സ്വതന്ത്ര കലാകാരന്മാരുടെ പ്രൊജക്ടുകൾ ലക്ഷ്യമിടുന്ന കൂട്ടത്തിൽ അറിവും ഉണ്ടെന്നായിരുന്നു സന്ദേശം. ധീ അടക്കമുള്ളവരും അങ്ങനെയാണ് ഈ പ്രോജക്ടിലേക്ക് എത്തുന്നത്. മൂന്നു മാസമെടുത്ത 200 പേരുടെ കഠിനാദ്ധ്വാനമാണിത്. 5.05 മിനിട്ട് ദൈർഘ്യമുള്ള ആൽബം ചിത്രീകരിച്ചിരിക്കുന്നത് തമിഴ്നാട് തിരുവണ്ണാമലൈയിലാണ്. സന്തോഷ് നാരായണനാണ് ആൽബത്തിന്റെ നിർമ്മാണം. അമിത് കൃഷ്ണൻ സംവിധാനവും.
വള്ളിയമ്മയുടെയും
പേരമകന്റെയും കഥ
ആൽബത്തിലെ 'എൻജോയ് " ഇംഗ്ലീഷ് വാക്കാണെന്ന് തോന്നുമെങ്കിലും 'എൻ തായ്" (എന്റെ അമ്മ) എന്ന അർത്ഥവും തമിഴിൽ 'എൻ ജായ്" എന്ന വാക്കിന് ഉണ്ട്. 'എൻ ജാമി" (എൻ സ്വാമി) എന്നത് വാത്സല്യത്തോടെ മുത്തശ്ശിമാർ പേരക്കുട്ടികളെ വിളിക്കുന്നതാണ്. തോട്ടം തൊഴിലാളികൾ മുതലാളിമാരെ ബഹുമാനത്തോടെയും എൻ സ്വാമി എന്നാണ് വിളിച്ചിരുന്നത്. എന്റെ അമ്മയാണ് എന്റെ ദൈവമെന്ന അറിവിന്റെ ആഹ്വാനവും പ്രകൃതിയെ അമ്മയായും ദൈവമായും കാണണമെന്ന വള്ളിയമ്മയുടെ ആഹ്വാനവുമൊക്കെയാണ് 'എൻജോയ് എൻജാമി." 'വള്ളിയമ്മയുടെ പേരമകന് ചിലത് പറയാനുണ്ട്"(വള്ളിയമ്മ പേരാണ്ടി സംഗതിയ കേളാണ്ടി..) എന്ന ആമുഖത്തോടെയാണ് കഥ പറച്ചിൽ ആരംഭിക്കുന്നത്. പൂർവ്വികരുടെ അതിജീവനപ്പോരാട്ടങ്ങളുടെ വഴികളാണ് പിന്നീട്. ഐക്യപ്പെടലിന്റെയും ആഘോഷത്തിന്റെയും വരികൾ. വേരുകൾ നഷ്ടമാകുന്ന മനുഷ്യരുടെ എക്കാലത്തെയും പ്രതിനിധിയായാണ് അറിവ് തന്റെ മുത്തശ്ശി അടക്കമുള്ള പൂർവികരെ കാണുന്നത്. വേരുകളാണ് നമ്മുടെ പൂർവികരെന്ന് അറിവ് പറയുന്നു. അവരുടെ ചരിത്രത്തിൽ നിന്ന് നോക്കിക്കാണാണം. വിട്ടുകൊടുക്കാതെ അവർ പോരാടിയതിനാലാണ് നമ്മൾ ഇന്ന് ഇപ്പോഴുള്ളതെന്ന് ആൽബം പറഞ്ഞുവയ്ക്കുന്നു.
വള്ളിയമ്മയും റഹ്മാനും ഹാപ്പി
കുടുംബത്തിന്റെ ചരിത്രവും കഴിഞ്ഞ കാലവും പാട്ടിലാക്കുന്നതിൽ അറിവിന്റെ വീട്ടുകാർക്ക് വലിയ താത്പര്യമില്ലായിരുന്നു. ചരിത്രത്തിലിടം നേടാൻ തരത്തിൽ ഇതിലിപ്പോൾ എന്തിരിക്കുന്നു മഹാസംഭവം എന്നത് തന്നെ കാരണമെന്ന് അറിവിന്റെ മുത്തശ്ശി വള്ളിയമ്മ പറയുന്നു. ഒരിക്കൽ തന്നെ വിഴുങ്ങാനായി പാഞ്ഞടുക്കുന്ന മൃഗത്തെ വരുതിയിലാക്കി കഴിഞ്ഞാൽ വേട്ടക്കാരന് തോന്നുന്ന അതേ ലാഘവം. എന്നാൽ തന്റെ മുത്തശ്ശിയോടൊപ്പം സ്വന്തമായി ഭൂമിയില്ലാതെ വിയർപ്പൊഴുക്കിയ നിരവധി നിസ്സഹായരുടെ ചരിത്രവും വർത്തമാനവും നാടറിയണം എന്ന അറിവിന്റെ ആഗ്രഹമാണ് ആൽബമായി മാറിയത്. വള്ളിയമ്മ വരികളിൽ മാത്രമല്ല, ഫ്രെയിമുകളിലും ആൽബത്തിൽ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.''നന്നായിരിക്കുന്നു. പ്രതീക്ഷ നൽകുന്ന പാട്ടാണ് ഇതെന്നായിരുന്നു""എ.ആർ.റഹ്മാന്റെ പ്രതികരണമെന്ന് അറിവ് പറയുന്നു. ''കഷ്ടപ്പെട്ട് പഠിപ്പിച്ചതാണ്! പോയി ജോലി ചെയ്യ് ""എന്നായിരുന്നു മുത്തശ്ശി വള്ളിയമ്മയുടെ ആദ്യ പ്രതികരണം. പിന്നെ ടി.വിയിൽ പാട്ട് കേൾക്കുമ്പോൾ വലിയ സന്തോഷമാണ് മുത്തശ്ശിയ്ക്കെന്നും അറിവ് പറയുന്നു.
അറിവിന്റെ വെളിച്ചം
തമിഴ്നാട്ടിലെ ആരക്കോണത്ത് അദ്ധ്യാപക ദമ്പതികളുടെ മകനായാണ് അറിവിന്റെ ജനനം. പിന്നാക്ക വിഭാഗങ്ങളുടെ മുന്നേറ്റത്തിനായി പ്രവർത്തിക്കുന്ന 'അറിവൊളി ഇയക്കം (അറിവിന്റെ വെളിച്ചം ) എന്ന ദളിത് മുന്നേറ്റ സംഘടനയുടെ പ്രവർത്തകരായിരുന്നു മാതാപിതാക്കൾ. ഗ്രാമങ്ങൾ തോറും കയറിയിറങ്ങി നടന്ന് ബോധവത്കരണമായിരുന്നു ഇവരുടെ പ്രധാന പ്രവർത്തന മേഖല. നാടൻ പാട്ടുകളും തെരുവു നാടകങ്ങളും വഴി അവർ ജനങ്ങളോട് സംവദിച്ചു. കുട്ടിക്കാലത്ത് അറിവിന്റെ ലോകം ഇതൊക്കെ തന്നെയായിരുന്നു. അങ്ങനെ അംബേദ്കറും പെരിയാറുമൊക്കെ അറിവിന്റെ തലതൊട്ടപ്പന്മാരായി. തങ്ങൾ താമസിച്ചിരുന്ന ചേരിയിലെ ജീവിതാനുഭവങ്ങളാണ് പോരാളി എന്ന നിലയിൽ അറിവിനെ പാകപ്പെടുത്തിയത്. അതേ ചേരിയിൽ തന്നെയുള്ള അംബേദ്കർ പ്രതിമയായിരുന്നു അറിവിന്റെ സാമൂഹിക പാഠങ്ങളുടെ പ്രധാന വേദി.
വിദ്യാഭ്യാസത്തിലുൾപ്പടെ മകൻ മറ്റുള്ളവരെപോലെ സമനായി മുന്നേറണമെന്ന മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി സ്വകാര്യ സ്കൂളിലായിരുന്നു അറിവിന്റെ സ്കൂൾ വിദ്യാഭ്യാസം. ജാതിവിവേചനത്തിന്റെ കയ്ക്കുന്ന ഓർമകളല്ലാതെ മറ്റൊന്നും അവിടെ നിന്ന് ലഭിച്ചില്ല.പള്ളിക്കുടത്തിൽ നിന്ന് പഠിച്ചതിലുമേറെ വീട്ടിൽ നിന്ന് സമൂഹത്തിൽ നിന്ന് പുസ്തകങ്ങളിൽ നിന്നും മുത്തശ്ശി പാടി പറഞ്ഞ കഥകളിൽ നിന്നും പഠിച്ചെന്ന് അറിവ് പറയുന്നു.
''ഞാൻ അഞ്ചു മരം നട്ടു വളർത്തി
അഴകുള്ള തോട്ടം വളർത്തി
തോട്ടമെല്ലാം തളിരിട്ടൂ, പൂവിട്ടൂ
എന്റെ ദാഹം മാത്രം മാറിയില്ല""
(എൻജാമിയിൽ നിന്നുള്ള വരികൾ)
മുത്തശ്ശി ഈ ഒപ്പാരി പാടി പഠിപ്പിക്കുമ്പോൾ അവരുടെ മുഖത്ത് നിറഞ്ഞ ദുഃഖം ഇനിയും മറന്നിട്ടില്ലെന്ന് ഈ 26കാരൻ പറയുന്നു. സംഗീതമെന്നത് നിലവിളകളും പ്രതിഷേധങ്ങളും അടയാളപ്പെടുത്താനുള്ള എളുപ്പവഴികൂടെയാണെന്നുള്ള ആദ്യ പാഠം അറിവ് പഠിച്ചത് ഇവിടെ നിന്നാണ്. അങ്ങനെ തന്റെ ചുറ്റും നടക്കുന്ന തിന്മകൾക്കെതിരെ അറിവ് കവിത എഴുതാൻ തുടങ്ങി. കോയമ്പത്തൂരിലെ കലാലയ ജീവിതത്തിനിടെ ഇവ പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രശസ്ത ദളിത് ആക്ടിവിസ്റ്റും ഐ.എ.എസ്.ഓഫീസറുമായ ശിവകാമിയാണ് പ്രകാശനം നിർവഹിച്ചത്. ഇതോടെ കോളേജ് ബാൻഡിലെ പാട്ടെഴുത്തിന്റെ ചുമതല അറിവിനായി. എൻജിനിയറിംഗ് പഠനം കഴിഞ്ഞ് സിവിൽ സർവീസ് മുതൽ സംഗീത ആൽബം വരെ പലതും പരീക്ഷിച്ചു. ഇതിനിടെ തമിഴിലെ പ്രമുഖ സംവിധായനും ദളിത് പ്രവർത്തകനുമായ പാ. രഞ്ജിത്തിന്റെ പ്രസംഗം യാദൃശ്ചികമായി കേൾക്കാൻ ഇടയായതാണ് അറിവിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സ്വതന്ത്ര മ്യൂസിക് ബാൻഡായ കാസ്റ്റ് ലെസ് കളക്ടീവിന്റെ ഓഡിഷനിൽ അറിവ് പങ്കെടുക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു. പിന്നീട് അങ്ങോട്ട് കാസ്റ്റ് ലെസ് കളക്ടീവിന്റെ മിന്നും താരമായി മാറി. പാ. രഞ്ജിത്തിന്റെ സംവിധാനത്തിൽ പിറന്ന 'കാലാ" എന്ന ചിത്രത്തിൽ 'നിലം എങ്കൾ ഉരിമൈ" എന്ന ഗാനത്തിലൂടെ ചലച്ചിത്ര സംഗീത ലോകത്തേക്കും ഈ ചെറുപ്പക്കാരൻ ചുവടുവച്ചു.
സിനിമയേക്കാൾ സ്വതന്ത്ര സംഗീതമാണ് തന്റെ തട്ടകമെന്ന് അറിവ് ഉറച്ച് വിശ്വസിക്കുന്നു. മതത്തിനും നിറത്തിനും ജാതിയ്ക്ക് എതിരെ മാത്രമേ തന്റെ തൂലിക ചലിപ്പിക്കുവെന്നതാണ് അറിവിന്റെ നയം. തന്റെ പോരാട്ടങ്ങൾക്ക് ശക്തി പകരാൻ 'തെരുക്കുറൽ"(തെരുവിന്റെ ശബ്ദം) എന്ന പേരിൽ മ്യൂസിക് ബാൻഡ് അറിവ് ആരംഭിച്ചിരുന്നു. ആന്റി ഇന്ത്യൻ എന്ന സ്വന്തം ആൽബവും പ്രകാശനം ചെയ്തു.
തമിഴ് സംസ്കൃതിയുടേയും ഭാഷയുടെയും ജീവനാംശമാണ് നാടൻ പാട്ടുകളും താരാട്ടു മുതൽ പട്ടടയോളം നീളുന്ന ഒപ്പാരികളും. അതുതന്നെയാണ് അവരുടെ ദ്രാവിഡത്തനിമയുടെ അന്തഃസത്തയും. വൈദേശികമായ എന്തിനോടും വിമുഖത കാണിക്കുന്ന ഒരു ജനിതക ഘടകം ഇന്നും അവരെ നിയന്ത്രിക്കുന്നുണ്ട്. എന്നിരുന്നാലും എന്തുകൊണ്ട് റാപ്പ് പോലുള്ള പാശ്ചാത്യസംഗീത വഴി താൻ തിരഞ്ഞെടുക്കുന്നുവെന്നതിന് അറിവിന്റെ കൈയിൽ ഉത്തരമുണ്ട്. ഭാഷയും വേഷവും സാഹിത്യവും കാലാനുസൃതമായി മാറും പോലെ പ്രതിഷേധങ്ങളും കാലത്തിന് അനുയോജ്യമാകും വിധം ഫാഷണബിളായി അവതരിപ്പിക്കണം എന്നതുതന്നെ.