സംസ്ഥാനത്ത് നടക്കുന്ന അനധികൃത ബാറുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും പ്രതിമാസം 100 കോടി രൂപ വീതം പിരിച്ച് എത്തിക്കാൻ നഗരത്തിന്റെ നീതി കാക്കേണ്ട കമ്മിഷണറോട് ആഭ്യന്തരമന്ത്രിയുടെ നിർദേശം. ഇതിനെതിരെ പരാതിയുമായി കമ്മിഷണർ മുഖ്യമന്ത്രിയ്ക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും വരെ കത്തെഴുതുക. കേൾക്കുമ്പോൾ ബോളിവുഡ് ക്രൈം ത്രില്ലർ സിനിമ പോലുണ്ടല്ലേ? സിനിമയല്ല മഹാരാഷ്ട്രയിൽ ഇപ്പോൾ ലൈവായി ഓടിക്കൊണ്ടിരിക്കുന്ന പൊലീസ് - രാഷ്ട്രീയ പോരാണിത്. കഴിഞ്ഞ ഒരുമാസമായി പ്രശ്‌നങ്ങൾ രൂക്ഷമായി മുന്നോട്ട് പോയിട്ടും ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങൾക്ക് ഇതൊരു വാർത്തയാകുന്നില്ല. കാരണം അഴിമതി ഇന്ത്യക്കാർക്ക് പുത്തരിയല്ലെന്നത് തന്നെ. മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥരും എന്തിനേറെ സുപ്രീംകോടതി ജഡ്ജിമാർ പോലും അഴിമതി ആരോപണത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരു രാജ്യം.
അഴിമതി വിരുദ്ധ ഭരണത്തിന്റെ പാട്ടുംപാടി ഭരണം പിടിക്കാനെത്തുന്ന മുന്നണിയെ അധികാരത്തിൽ കയറ്റിയശേഷം അഞ്ചുവർഷം കഴിഞ്ഞ് താഴെയിറക്കുമ്പോൾ ഒന്നല്ല ഒരായിരം പുതിയ അഴിമതി കേസുകൾക്ക് അവർ വഴിതുറന്നിട്ടുണ്ടാകും. അക്കാര്യത്തിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഉദ്യോഗസ്ഥരും അടക്കം എല്ലാവരും ഒരമ്മ പെറ്റ മക്കളാണ്.
അഴിമതിയ്ക്ക് ഫസ്റ്റ് റാങ്ക്
അന്തർദേശീയ അഴിമതിവിരുദ്ധ സന്നദ്ധസംഘമായ ട്രാൻസ്പരൻസി ഇന്റർ നാഷണലിന്റെ 2020ലെ റിപ്പോർട്ട് പ്രകാരം ഏഷ്യൻ മേഖലയിലെ രാജ്യങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ അഴിമതി ഇന്ത്യയിലാണ്. 180 രാജ്യങ്ങളിൽ നടത്തിയ സർവേ പ്രകാരം 86 -ാം സ്ഥാനത്താണ് ഇന്ത്യ. നേരത്തെ 80-ാം സ്ഥാനത്തായിരുന്നു. ഇന്ത്യയിൽ 39 ശതമാനം പ്രവൃത്തികളിലും അഴിമതി നടക്കുന്നതായും ലോക്ക് ഡൗണിന് ശേഷം അഴിമതി കൂടുതൽ ശക്തമായതായും പഠനം വിലയിരുത്തുന്നു. 50 ശതമാനം ആളുകൾക്കും രാജ്യത്ത് സേവനം ലഭിക്കുന്നത് കൈക്കൂലി നൽകിയതിന്റെ ഫലമായാണ്. 32 ശതമാനം പേർക്ക് സേവനം ലഭിക്കുന്നത് ശുപാർശകളും വ്യക്തിബന്ധവും മൂലവുമാണ്. കമ്പോഡിയയും ഇന്ത്യോനേഷ്യയുമാണ് അഴിമതിയുടെ കാര്യത്തിൽ ഏഷ്യൻ മേഖലയിൽ ഇന്ത്യയ്ക്ക് പിന്നിൽ രണ്ടും മൂന്നും സ്ഥാനത്ത് ഉള്ളതെന്ന് മറക്കരുത്.
ട്രാൻസ്പരൻസി ഇന്റർനാഷണൽ ഇന്ത്യയും ലോക്കൽ സർക്കിൾസ് എന്ന ഏജൻസിയും ചേർന്ന് 21 സംസ്ഥാനങ്ങളിലായി 2019 ൽ തന്നെ നടത്തിയ സർവേയിൽ രാജ്യത്ത് ഏറ്റവും കൈക്കൂലി കുറഞ്ഞ സംസ്ഥാനം കേരളമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. കേരളത്തിലെ 10 ശതമാനം ജനങ്ങൾ മാത്രമാണ് സേവനങ്ങൾക്ക് കൈക്കൂലി നൽകിയത്. ഇതുവരെ കൈക്കൂലി നൽകാത്തവരാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും. രാജസ്ഥാൻ, ബിഹാർ, ജാർഖണ്ഡ് എന്നിവയാണ് അഴിമതിയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ. രാജസ്ഥാനിൽ 78 ശതമാനം ജനങ്ങൾക്കും സേവനങ്ങൾക്ക് കൈക്കൂലി നൽകേണ്ടി വരുന്നുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ബിഹാറും ഉത്തർപ്രദേശുമാണ് രാജസ്ഥാന് പിന്നിലുള്ളത്. രാജ്യത്തെ 51 ശതമാനം പേരും സേവനങ്ങൾക്കായി കൈക്കൂലി നൽകേണ്ടി വരുന്നുവെന്നാണ് സർവേ സൂചിപ്പിക്കുന്നത്.
കോമൺവെൽത്ത് ഗെയിംസ്, 2 ജി സ്‌പെക്ട്രം, കൽക്കരി ഖനി തുടങ്ങി രാജ്യത്ത് അഴിമതി കൊടികുത്തി വാഴുന്ന കാലത്ത് 2011ൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ അതിശക്തമായ വിധത്തിൽ അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നതിന് രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. രണ്ടാം മൻമോഹൻ സിംഗ് സർക്കാർക്കാരായിരുന്നു അന്ന് രാജ്യം ഭരിച്ചിരുന്നത്. അഴിമതി വിരുദ്ധ ലോക്പാൽ കൊണ്ടുവരണമെന്നായിരുന്നു ഡൽഹി രാംലീല മൈതാനത്തിൽ നടത്തിയ അണ്ണാ ടീമിന്റെ സമരത്തിലെ ആവശ്യം. ഉണ്ണാവ്രതം ഒത്തുതീർക്കാൻ അന്ന് അധികാരത്തിലിരുന്ന യു.പി.എ സർക്കാർ അണ്ണാ ഹസാരെ സംഘവുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ ലോക്പാൽ ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കി. 2014 ൽ അത് പ്രാബല്യത്തിൽ വരികയും ചെയ്തു. കൊല്ലം അഞ്ച് വേണ്ടിവന്നു ലോക്പാലിനെ നിയമിക്കാൻ. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് പിനാക്കി ചന്ദ്ര ഘോഷ്. - എന്നിട്ടെന്തുണ്ടായി അഴിമതി ചങ്കരനെപ്പോലെ തെങ്ങിൽത്തന്നെ നിന്നു.
വിസിൽ മുഴുക്കിയിട്ടും കാര്യമില്ല
അഴിമതി പുറത്തെത്തിക്കാൻ കഴിഞ്ഞ 15 വർഷമായി സാധാരണക്കാർ ഉപയോഗിക്കുന്ന ഏറ്റവും ഫലപ്രദമായ ആയുധം വിവരാവകാശ നിയമമാണ് (ആർ.ടി.ഐ).റേഷനും പെൻഷനും ആരോഗ്യപദ്ധതികളും തുടങ്ങി സർക്കാരുകളുടെ പദ്ധതികൾ സംബന്ധിച്ച് പോലും കൃത്യമായ വിവരങ്ങൾക്കായി മൂന്ന് കോടിയിലേറെപ്പേരാണ് ഈ നിയമം പ്രയോജനപ്പെടുത്തിയിട്ടുള്ളത്. കിട്ടിയ വിവരങ്ങൾ വിസിൽ ബ്ലോവർമാരിലൂടെ രാജ്യം അറിഞ്ഞു. അഴിമതി കേസും കോടതിയുമായി മുന്നേറി. വിസിൽ ബ്ലോവർമാരെ സംരക്ഷിക്കാൻ 2014ൽ നിയമം കൊണ്ടു വന്നിട്ടും വിസിൽ മുഴക്കിയതിന് ജീവൻ നഷ്ടമായവർ ഒട്ടേറെ. അഴിമതി വിളിച്ചു പറഞ്ഞതിന്റെ പേരിൽ 2018ൽ മാത്രം 18 സർക്കാർ ഉദ്യോഗസ്ഥർക്കാണ് ജീവൻ ബലി നൽകേണ്ടി വന്നത്.
മുളയിലെ നുള്ളണം
ഒരു ചെറുകോശത്തിൽ ജീവനെടുത്ത് പതുക്കെ ശരീരം മുഴുവൻ പടർന്ന് പന്തലിക്കുന്ന അർബുദം കണക്കെ അഴിമതി എന്ന ദുരന്തം രാജ്യത്തെ ഗ്രസിച്ചുകഴിഞ്ഞു. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇന്ത്യക്കാർ നിത്യജീവിതത്തിൽ അഴിമതിയുടെ തിക്തഫലങ്ങൾ അനുഭവിക്കുന്നവരാണ്. പൗരൻമാർക്ക് തങ്ങളുടെ രാജ്യത്തിന്റെ ജനാധിപത്യ ചട്ടക്കൂടിനോട് വിരക്തിയും രോഷവും ഉളവാക്കാനുതകുന്ന പ്രവൃത്തിയാണ് അഴിമതി. സാധാരണ ജനങ്ങൾക്ക് രാഷ്ട്രീയ ഔദ്യോഗിക സംവിധാനങ്ങളിലുള്ള വിശ്വാസം പൂർണമായി നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം സംജാതമാവുക എന്നതാണ് അഴിമതിയുടെ ദുരന്തഫലങ്ങളിലൊന്ന്. ഒരു ജനാധിപത്യരാഷ്ട്രത്തിൽ ജനങ്ങൾക്കായി, ജനങ്ങൾ സൃഷ്ടിച്ച ഭരണഘടനയെ അടിസ്ഥാനമാക്കി നിയമങ്ങൾ നിർമിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന പരിതസ്ഥിതിയിൽ ജനങ്ങൾക്ക് നിയമസംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ പരിപൂർണ അരാജകത്വമായിരിക്കും ഫലം. അപ്പോൾ രാഷ്ട്രീയ സംവിധാനങ്ങൾക്കു പകരം അരാഷ്ട്രീയമായ ബദൽ മാർഗങ്ങളിൽ ജനങ്ങൾ വിശ്വാസമർപ്പിക്കുകയും അത് നമ്മുടെ രാജ്യത്തിന്റെ ഉന്നതമായ ജനാധിപത്യമൂല്യങ്ങളെ തകർക്കുകയും സംഘർഷഭരിതമായ സാമൂഹികാന്തരീക്ഷം ഉളവാക്കുകയും ചെയ്യും. അതിശക്തമായ നടപടികളിലൂടെയും ദൃഢനിശ്ചയത്തോടെയുമുള്ള പ്രവർത്തന പരിപാടികളിലൂടെയും മാത്രമേ അഴിമതിയെന്ന മഹാരോഗത്തെ സമസ്തമേഖലയിൽനിന്നും നിർമാർജനം ചെയ്യാൻ സാധിക്കൂ. മുകൾത്തട്ടിലും താഴേത്തട്ടിലുമുള്ള ബോധവത്കരണ യജ്ഞങ്ങൾ, പൊതുജന പങ്കാളിത്തത്തോടെയുള്ള, പ്രത്യേകിച്ച് യുവാക്കളെ സജീവമായി പങ്കെടുപ്പിച്ചുകൊണ്ടുള്ള അഴിമതിവിരുദ്ധ പ്രവർത്തനങ്ങൾ, വകുപ്പുതലങ്ങളിലുള്ള ഏകോപന പ്രവർത്തനങ്ങൾ, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പോലുള്ള സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ, ഇത്തരം സംവിധാനങ്ങളെ ബാഹ്യ ഇടപെടലുകളിൽനിന്ന് മുക്തമാക്കി സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷം സംജാതമാക്കുക തുടങ്ങിയ നടപടികളെല്ലാം അഴിമതിയെ മുളയിലേ നുള്ളുന്നതിന് അത്യന്താപേക്ഷിതമാണ്.