ന്യൂഡൽഹി: തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളവേ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹെബ് ഫാൽകെ അവാർഡിന് സൂപ്പർ താരം രജനികാന്തിനെ തിരഞ്ഞെടുത്തു.
നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നിങ്ങനെ സിനിമയിലെ സമഗ്ര സംഭാവനയ്‌ക്കുള്ള 2019ലെ പുരസ്‌കാരമാണിത്. മേയ് മൂന്നിന് ഡൽഹിയിൽ
രാഷ്ട്രപതി രാംനാഥ് കൊവിന്ദ് സമ്മാനിക്കും.
ശിവാജി ഗണേശനും സംവിധായകൻ കെ.ബാലചന്ദറിനും ശേഷം തമിഴ് സിനിമയിലെ മൂന്നാമത്തെ ഫാൽക്കെ ജേതാവാണ് രജനി. 1996ൽ ശിവാജി ഗണേശന് ശേഷം ആദ്യമാണ് പുരസ്കാരം ഒരു ദക്ഷിണേന്ത്യൻ നടന് ലഭിക്കുന്നത്. 2000ൽ പത്മഭൂഷണും 2016ൽ പത്മവിഭൂഷണും നൽകി രാജ്യം രജനിയെ ആദരിച്ചിരുന്നു. ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഗായിക ആശ ഭോസ്‌ലെ, നടൻമാരായ മോഹൻലാൽ, ബിശ്വജിത്ത് ചാറ്റർജി, ഗായകൻ ശങ്കർ മഹാദേവൻ, സംവിധായകൻ സുഭാഷ് ഗായ് എന്നിവരടങ്ങിയ ജൂറിയാണ് രജനിയെ തിരഞ്ഞെടുത്തത്.
അര നൂറ്റാണ്ടിലേറെയായി ജനമനസുകളെ കീഴടക്കിയ ഐതിഹാസിക നടനാണ് രജനികാന്തെന്നും ജൂറി ഏകകണ്ഠമായാണ് ഫാൽക്കെ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച രജനികാന്ത് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പിൻമാറിയിരുന്നു. എങ്കിലും തിരഞ്ഞെടുപ്പിൽ രജനിയുടെ പിന്തുണ നേടാൻ ബി.ജെ. പി ഉൾപ്പെടെ ശ്രമിക്കുമ്പോഴും അദ്ദേഹം മനസു തുറന്നിട്ടില്ല. അതിനിടെയാണ് ഫാൽക്കെ പുരസ്‌കാര പ്രഖ്യാപനം.
@പുരസ്കാരം കൂടെനിന്നവർക്ക്
തനിക്ക് ഈ ജീവിതം തന്ന തമിഴ് ജനതയ്ക്കും ലോകമെമ്പാടുമുള്ള ആരാധകർക്കും രജനികാന്ത് പുരസ്കാരം സമർപ്പിച്ചു. തന്റെ അഭിനയശേഷി കണ്ടെത്തി പ്രോത്സാഹിപ്പിച്ച സുഹൃത്തും ബസ് ഡ്രൈവറുമായ രാജ് ബഹാദൂർ, ദാരിദ്ര്യത്തിലും തന്നെ നടനാക്കാൻ ത്യാഗം സഹിച്ച മൂത്ത സഹോദരൻ സത്യനാരായണ റാവു ഗേയ്‌ക്‌വാദ്, 'രജനികാന്തിനെ' സൃഷ്ടിച്ച സംവിധായകനും ഗുരുവുമായ കെ. ബാലചന്ദർ, നിർമ്മാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ദ്ധർ, വിതരണക്കാർ, തിയേറ്ററുടമകൾ, മാദ്ധ്യമങ്ങൾ എന്നിവർക്കും പുരസ്കാരം സമർപ്പിക്കുന്നതായി രജനി പ്രതികരിച്ചു.
രജനികാന്തിനെ തലൈവർ എന്നു വിശേഷിപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചത്. കമലഹാസൻ, തമിഴ്‌നാട് മുഖ്യമന്ത്രി പളനിസാമി, ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിൻ, മോഹൻലാൽ തുടങ്ങിയവരും അഭിനന്ദിച്ചു.
തലൈവന് അഭിനന്ദനം: മോദി
തലമുറകൾക്ക് പ്രിയങ്കരൻ. അപൂർവം പേർക്ക് മാത്രം അവകാശപ്പെടാവുന്ന സർഗജീവിതം. വൈവിദ്ധ്യമാർന്ന വേഷങ്ങൾ. പ്രിയങ്കരമായ വ്യക്തിത്വം. അതാണ് താങ്കൾ രജനീകാന്ത് ജി. തലൈവന് ദാദാ സാഹെബ് ഫാൽക്കെ അവാർഡ് കിട്ടിയതിൽ അത്യധികം സന്തോഷം. അഭിനന്ദനങ്ങൾ