covid

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾക്കൊപ്പം മരണവും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 459 പേരാണ് മരിച്ചത്. 72,330 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ആർ.ടി.പി.സി.ആർ പരിശോധനകളുടെ അനുപാതം ആകെ പരിശോധനകളുടെ 70 ശതമാനത്തിലധികമായി വർദ്ധിപ്പിക്കാൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വീണ്ടും നിർദ്ദേശം നൽകി.

കൊവിഡ് മരണങ്ങളിൽ 83.01 ശതമാനവും ആറ് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ - 227. പഞ്ചാബിൽ 55 മരണവും റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, പഞ്ചാബ്, കർണാടക, കേരളം, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത് എന്നീ എട്ട് സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന തുടരുകയാണ്. പുതിയ കേസുകളിൽ 84.61 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ 39,544 പേർക്കും ഛത്തീസ്ഗഡിൽ 4,563 പേർക്കും കർണാടകയിൽ 4,225 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 5,84,055 ആയി. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 4.78 ശതമാനമാണ്.

മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടകം, ഛത്തീസ്ഗഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 78.9 ശതമാനവും. രോഗമുക്തി നിരക്ക് 93.89 ശതമാനമായി കുറഞ്ഞു.
ചണ്ഡീഗഡ്, ജാർഖണ്ഡ്, ഒഡിഷ, ലഡാക്ക്, ദാദ്ര നഗർ ഹവേലി, ദാമൻദിയു, പുതുച്ചേരി, മണിപ്പൂർ, ത്രിപുര, സിക്കിം, നാഗാലാൻഡ്, ലക്ഷദ്വീപ്, മേഘാലയ, മിസോറാം, ആൻഡമാൻ നിക്കോബാർ ദ്വീപ്, അരുണാചൽപ്രദേശ് എന്നിവിടങ്ങളിൽ കൊവിഡ് ബാധിച്ചുള്ള പുതിയ മരണങ്ങളില്ല.