a-raja

ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ എടപ്പാടി പളനിസാമിക്കെതിരായ വിവാദ പരാമർശത്തിൽ ഡി.എം.കെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എ. രാജ മാതൃകാപെരുമാറ്റചട്ടലംഘനം നടത്തിയെന്നും അതിനാൽ 48 മണിക്കൂർ പ്രചാരണവിലക്കേർപ്പെടുത്തിയതായും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഡി.എം.കെയുടെ താരപ്രചാരകരുടെ പട്ടികയിൽ നിന്നും രാജയെ നീക്കി.

അപകീർത്തികരവും അശ്ലീലമായതും സ്ത്രീകളുടെ അന്തസ് താഴ്ത്തിക്കെട്ടുന്ന തരത്തിലുമുള്ള പരാമർശങ്ങൾ ഭാവിയിൽ നടത്തരുതെന്നും നിർദ്ദേശിച്ചു. പളനിസാമി അവിഹിത ബന്ധത്തിൽ പിറന്ന കുഞ്ഞാണെന്ന രാജയുടെ പരാമർശമാണ് വിവാദമായത്. ഇതേചൊല്ലി പളനിസാമി പൊതുവേദിയിൽ പൊട്ടിക്കരഞ്ഞിരുന്നു. പിന്നീട് രാജ മാപ്പുപറഞ്ഞെങ്കിലും എ.ഐ.എ.ഡി.എം.കെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഇതിൽ കമ്മിഷൻ നോട്ടീസ് അയച്ചു. പളനിസാമിയുടെ അമ്മയെ അപമാനിക്കാൻ ഉദ്ദേശിച്ച് നടത്തിയ പരാമർശമല്ലെന്നും നോട്ടീസിന് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നുമായിരുന്നു രാജയുടെ മറുപടി. എന്നാൽ ഈ ആവശ്യം തള്ളിയ കമ്മിഷൻ നടപടിയെടുക്കുകയായിരുന്നു.