ന്യൂഡൽഹി: ത്രിപുരയിൽ ഹോളി ആഘോഷത്തിനിടെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ സംഘം ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ എട്ട് പേരെ ത്രിപുര പൊലീസ് അറസ്റ്റ് ചെയ്തു. ബിമൽ ദെബ്ബർമ, സോയൽ ദെബ്ബർമ, മൈക്കൽ ദെബ്ബർമ, നിഷിത് ദെബ്ബർമ, ബിരേഷ് ദെബ്ബർമ, ജഗു ദെബ്ബർമ, ബികാഷ് ദെബ്ബർമ, ഹൃഷിത് ദെബ്ബർമ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ 19 നും 22 ഇടയിൽ പ്രായമുള്ളവരാണ്.
ഖൊവായ് ജില്ലയിൽ ഫുട്ടാലിയിലുള്ള 14,15 വയസുള്ള സുഹൃത്തുക്കളായ പെൺകുട്ടികളാണ് അതിക്രമത്തിന് ഇരയായത്.
കഴിഞ്ഞ 29ന് വൈകിട്ട് ഹോളി ആഘോഷത്തിനായി വീട്ടിൽ നിന്ന് പോയ പെൺകുട്ടികൾ രാത്രി വൈകിയിട്ടും തിരിച്ചെത്തിയില്ല. . പിറ്റേ ദിവസം രാവിലെ അവശനിലയിൽ പെൺകുട്ടികൾ വീട്ടിലേക്ക് തിരിച്ചെത്തി. ദേഹമാസകലം പരിക്കേറ്റ നിലയിൽ കണ്ട പെൺകുട്ടികളോട് വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഹോളി ആഘോഷത്തിനിടെ യുവാക്കളുടെ സംഘം പെൺകുട്ടികളെ സമീപത്തെ വനത്തിലേക്ക് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. രാത്രി മുഴുവൻ ഇവർ പെൺകുട്ടികളെ ബലാത്സംഗത്തിനിരയാക്കി. തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടികൾ മരിച്ചെന്ന് കരുതി പ്രതികൾ ഇവരെ ഉപേക്ഷിച്ച് സ്ഥലംവിടുകയായിരുന്നു.