
ന്യൂഡൽഹി: ടി.ആർ.എസ് എം.പി കവിത മലോത്തിന്റെ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരെ കൈക്കൂലി വാങ്ങുന്നതിനിടെ സി.ബി.ഐ അറസ്റ്റ് ചെയ്തു. എം.പിയുടെ ഡ്രൈവർ ദുർഗേഷ് കുമാർ, രജിബ് ഭട്ടാചാര്യ, സുഭാംഗി ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്. പേഴ്‌സണൽ അസിസ്റ്റന്റ് ആണെന്ന വ്യാജേന എം.പിയുടെ വസതിയിൽ വച്ചാണ് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.
വീട് പൊളിച്ചുനീക്കാനുള്ള മുൻസിപ്പൽ കോർപറേഷന്റെ നടപടിയിൽ നിന്ന് രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് ഡൽഹിയിലെ ന്യൂഗുപ്ത കോളനിയിൽ താമസിക്കുന്ന മൻമീത് സിംഗ് ലാംബയിൽ നിന്നാണ് പണം ആവശ്യപ്പെട്ടത്. മൻമീത് സിംഗ് തന്നെയാണ് സി.ബി.ഐയ്ക്ക് പരാതി നൽകിയത്.
എം.പിയുടെ പി.എ ആണെന്നാണ് രജിബ് ഭട്ടാചാര്യ അവകാശപ്പെട്ടത്. ഡ്രൈവറായ ദുർഗേഷ് കുമാറിനെയും മറ്റൊരു പി.എ ആണെന്ന് പരിചയപ്പെടുത്തി. ആദ്യം 5 ലക്ഷം രൂപ ചോദിച്ചെങ്കിലും വിലപേശി പിന്നീട് ഒരു ലക്ഷം രൂപയാക്കി കുറച്ചു. തുടർന്ന് പണവുമായി ന്യൂഡൽഹിയിലെ ബി.ഡി മാർഗിലെ എം.പിയുടെ വസതിയായ സരസ്വതി മാർഗിലെ അപ്പാർട്ട്‌മെന്റിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. അവിടെയത്തിയ സി.ബി.ഐ സംഘം മൂന്നുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.