ന്യൂഡൽഹി: പശ്ചിമബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ അക്രമ സംഭവങ്ങൾ വ്യാപകമായതോടെ 'അക്രമികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട്' മുഖ്യമന്ത്രി മമതാ ബാനർജി, ഗവർണർ ജഗ്ദീപ് ധൻകറെ ഫോണിൽ വിളിച്ചു.
ബി.ജെ.പി ഗുണ്ടകൾ പ്രദേശവാസികളെ വോട്ടു ചെയ്യാൻ അനുവദിക്കുന്നില്ലെന്നും സംഘർഷാവസ്ഥയാണെന്നും മമത പരാതിപ്പെട്ടു.
'ക്രമസമാധാന ചുമതലയുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ പരാജയപ്പെട്ടു. ബി.ജെ.പി ഭരിക്കുന്ന മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ബൂത്തുകൾ കൈയേറിയെന്നും കേന്ദ്രസേന അവരെ സംരക്ഷിച്ചെന്നും' മമത പറഞ്ഞു. മമതയുടെ പരാതിയിൽ നടപടി ഉറപ്പാക്കുമെന്ന് ഗവണർ പിന്നീട് ട്വീറ്റു ചെയ്തു.
മമതയും മുൻ സഹപ്രവർത്തകനും ബി.ജെ.പി സ്ഥാനാർത്ഥിയുമായ സുവേന്ദു അധികാരിയും തമ്മിൽ ഏറ്റമുട്ടുന്ന നന്ദിഗ്രാമിലാണ് അക്രമ സംഭവങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തത്.
നന്ദിഗ്രാമിൽ കേന്ദ്രസേന തങ്ങളുടെ വോട്ടർമാരെ തടയുന്നുവെന്നും ബി.ജെ.പി ഗുണ്ടകളെ സംരക്ഷിക്കുന്നുവെന്നും രാവിലെ മുതൽ തൃണമൂൽ പ്രവർത്തകർ ആരോപിച്ചിരുന്നു. പരാതികൾ വ്യാപകമായതോടെ ഉച്ചയ്ക്ക് ശേഷം മമത വീൽചെയറിൽ ബൂത്തുകൾ സന്ദർശിക്കാനിറങ്ങി. മമത ബോയൽ പ്രൈമറി സ്കൂളിലെ ബൂത്തിലെത്തിയ സമയത്ത് തൃണമൂൽ-ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. അവർക്കിടയിൽപ്പെട്ട മമതയെ സുരക്ഷാസേനാ തൊട്ടടുത്ത വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ വോട്ടെടുപ്പ് നടന്നയിടങ്ങളിൽ തിരിച്ചറിയൽ കാർഡും വോട്ടേഴ്സ് സ്ളിപ്പുമുള്ള വോട്ടർമാരെ സി.ആർ.പി.എഫ് ജവാൻമാർ വോട്ടു ചെയ്യാൻ അനുവദിച്ചില്ലെന്നും ബി.ജെ.പി പ്രവർത്തകർ വീടുകളിൽ കയറി വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്നും തൃണമൂൽ ആരോപിച്ചു. മൊയ്ന മണ്ഡലത്തിൽ ബി.ജെ.പി എട്ട് ബൂത്തുകൾ പിടിച്ചെടുത്തെന്ന് തൃണമൂൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.
അതിനിടെ നന്ദിഗ്രാമിൽ സുവേന്ദു അധികാരിയുടെ വാഹനത്തിനു നേരെ കല്ലേറുണ്ടായി. വാഹനത്തിന് കേടുണ്ടായില്ലെങ്കിലും വാഹനവ്യൂഹത്തിലെ മാദ്ധ്യമ പ്രവർത്തകരുടെ വാഹനം തകർന്നു.
നന്ദിഗ്രാമിലെ ബത്തുവാബാദ് ഗ്രാമത്തിൽ ഒരു ബി.ജെ.പി പ്രവർത്തകൻ തൂങ്ങിമരിച്ച സംഭവത്തെ ചൊല്ലിയും സംഘർഷമുണ്ടായി. മരണത്തിന് ഉത്തരവാദികൾ തൃണമൂലാണെന്ന് ബി.ജെ.പി ആരോപിച്ചു. കഴിഞ്ഞ ദിവസം ഒരു തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ട കേഷ്പൂരിൽ ഇന്നലെയും വ്യാപകമായ അക്രമ സംഭവങ്ങൾ റിപ്പോർട്ടു ചെയ്തു. ബി.ജെ.പി സ്ഥാനാർത്ഥികളുടെ വാഹനങ്ങൾക്കു നേരെ അക്രമണമുണ്ടായി. ഹരിചർക്ക് മേഖലയിൽ 40കാരൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 7പേർ അറസ്റ്റിലായി. ബി.ജെ.പി സ്ഥാനാർത്ഥി പ്രതിഷ് രഞ്ജനറുടെ വാഹനവ്യൂഹത്തിനു നേരെയും ആക്രമണമുണ്ടായി.
ഘട്ടാലിൽ തൃണമൂൽ പ്രവർത്തകർ വോട്ടു ചെയ്യാൻ പോയവരെ തടഞ്ഞതായി സി.പി.എം ആരോപിച്ചു. കേന്ദ്ര സേന ഇടപെട്ട് ഈ പ്രദേശത്ത് റോഡുകളിലെ തടസം നീക്കി.
തങ്ങൾക്ക് മുൻതൂക്കമുള്ള പ്രദേങ്ങളിൽ വോട്ടിംഗ് യന്ത്രം വ്യാപകമായി തകരാറിലായെന്നും ദേബ്ര മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ഭാരതി ഘോഷ്, ബൂത്തിന് പുറത്ത് വോട്ടർമാർക്ക് പണം വിതരണം ചെയ്തുവെന്നും തൃണമൂൽ പരാതിപ്പെട്ടു.