nuns-

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ മലയാളികളടങ്ങിയ കന്യാസ്ത്രീ സംഘത്തെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. യു.പി, ഝാൻസി സ്വദേശികളായ അഞ്ചൽ അർചാരിയാ, പുർഗേഷ് അമരിയാ എന്നിവരെയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്‌തത്. അഞ്ചൽ അർചാരിയ വിശ്വഹിന്ദു പരിഷത്, ഹിന്ദു ജാഗരൺ മഞ്ച് എന്നിവയുടെ ഭാരവാഹിയും ഗോരക്ഷാ സമിതി അംഗവുമാണ്.

അറസ്റ്റിലായവർ കന്യാസ്ത്രീകൾ ആക്രമണത്തിനിരയായ ട്രെയിനിൽ യാത്ര ചെയ്‌തവരല്ലെന്നും എന്നാൽ സംഭവത്തിൽ പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു.

'രാത്രിയിൽ ഝാൻസിയിൽ പട്രോളിംഗ് നടത്തുന്നതിനിടെ രണ്ടുപേർ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത് കണ്ടു. കന്യാസ്ത്രീകൾ യഥാർത്ഥത്തിൽ കുറ്റക്കാരാണെന്നും ഇവർക്കെതിരെ നടപടിയെടുക്കാത്ത പൊലീസിനെതിരെ നടപടിയെടുക്കണമെന്ന ചർച്ചയിലുമായിരുന്നു അവർ. ഇതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതതെന്ന് റെയിൽവേ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ നീം ഖാം മൻസൂരി അറിയിച്ചു.

മാർച്ച് 19ന് കന്യാസ്ത്രീകളെയും ട്രെയിനിൽ കൂടെ യാത്രചെയ്തവരെയും ത്സാൻസിയിൽ ഒരു സംഘം അഞ്ച് മണിക്കൂറോളം ബന്ദിയാക്കുകയായിരുന്നു.