ന്യൂഡൽഹി: പ്രവാസികൾ ഗൾഫിൽ ജോലി ചെയ്ത് ഇന്ത്യയിലേക്ക് അയയ്‌ക്കുന്ന പണത്തിന് നികുതി ചുമത്താൻ നീക്കമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. ഇക്കഴിഞ്ഞ ബഡ്‌ജറ്റ് സമ്മേളനത്തിൽ പാസാക്കിയ ധനബില്ലിൽ ഇതു സംബന്ധിച്ച് ഭേദഗതി വരുത്തിയെന്ന പ്രതിപക്ഷ എംപിമാരുടെ ആരോപണം മന്ത്രി തള്ളി.
പ്രവാസികൾ ഇന്ത്യയിൽ ലഭിക്കുന്ന വരുമാനത്തിന് മാത്രം നികുതി നൽകിയാൽ മതി. ഇതു സംബന്ധിച്ച് ബഡ്ജറ്റ് സമ്മേളനത്തിൽ പാസാക്കിയ ധനബില്ലിൽ പ്രത്യേക ഭേദഗതി വരുത്തിയിട്ടില്ല. ആദായ നികുതി നിയമത്തിൽ നികുതി ബാദ്ധ്യതയ്‌ക്ക് പൊതു നിർവചനം ഉൾപ്പെടുത്തുക മാത്രമാണ് ചെയ്‌തതെന്നും മന്ത്രി വിശദീകരിച്ചു.
പ്രവാസികളിൽ നിന്ന് നികുതി ഈടാക്കാൻ പാർലമെന്റിൽ ആരുമറിയാതെ ഭേദഗതി കൊണ്ടുവന്നതായി കോൺഗ്രസ് എം.പി ശശി തരൂർ ആരോപിച്ചിരുന്നു. തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെട്ട് ധനമന്ത്രിക്ക് അയച്ച കത്തിന് മറുപടി ലഭിച്ചില്ലെന്നും തരൂർ പറഞ്ഞിരുന്നു. തൃണമൂൽ എംപി മഹുവ മൊയ്ത്രയും ട്വിറ്ററിലൂടെ ഈ ആരോപണമുയന്നിച്ചിരുന്നു. മന്ത്രി മുൻപ് നൽകിയ ഉറപ്പ് ലംഘിച്ചുവെന്ന് ധനബില്ലിന്റെ പകർപ്പടക്കം പോസ്റ്റു ചെയ്‌ത് മഹുവ ട്വീറ്റു ചെയ്‌തു. തുടർന്നാണ് ട്വിറ്ററിലൂടെ ധനമന്ത്രി വിശദീകരണം നൽകിയത്.