ന്യൂഡൽഹി: അസാമിലെ റതാബരിയിൽ വോട്ടെടുപ്പിന് ശേഷം ബി.ജെ.പി സ്ഥാനാർത്ഥിയുടെ കാറിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം കൊണ്ടുപോയ സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്‌പെൻഡു ചെയ്‌തു. 149-ാം നമ്പർ ബൂത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് തിര. കമ്മിഷൻ അറിയിച്ചു. ബി.ജെ.പി ബൂത്ത് പിടിത്തം നടത്തിയെന്ന് ആരോപിച്ച് ആൾ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് പ്രവർത്തകർ കാർ തകർത്തിരുന്നു.
കരിംഗഞ്ചിലെ ഇന്ദിരാ എം.വി സ്‌കൂളിലെ വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടിംഗ് യന്ത്രവും മറ്റും സ്ട്രോംഗ് റൂമിലേക്ക് കൊണ്ടുപോകാൻ തിര. കമ്മിഷൻ ഏർപ്പാടാക്കിയ വാഹനം വഴിയിൽ തകരാറായതിനെ തുടർന്നാണ് സ്വകാര്യ കാർ ഉപയോഗിച്ചത്. പ്രിസൈഡിംഗ് ഓഫീസറുടെ അപേക്ഷ പ്രകാരം സെക്ടറൽ ഓഫീസർ കൊണ്ടു വന്നത് പതാർകണ്ഡി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി കൃഷ്‌ണേന്ദു പോളിന്റെ ഭാര്യയുടെ പേരിലുള്ള കാറാണ്. ഇക്കാര്യം അറിയാതെയാണ് കാറിൽ കയറിയതെന്ന് പോളിംഗ് ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ, ഉദ്യോഗസ്ഥർ കാറിൽ വോട്ടിംഗ് യന്ത്രവുമായി യാത്ര ചെയ്യുന്ന ദൃശ്യം ഒരു മാദ്ധ്യമ പ്രവർത്തകൻ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റു ചെയ്‌തതോടെ സംഭവം വിവാദമായി. സ്‌ട്രോംഗ് റൂമിന് സമീപം പ്രതിപക്ഷം കാർ തടഞ്ഞ് ആക്രമിച്ചതിനെ തുടർന്ന് പൊലീസെത്തി ഉദ്യോഗസ്ഥരെ രക്ഷിച്ചു. പരിശോധനയിൽ വോട്ടിംഗ് യന്ത്രം, അനുബന്ധ യൂണിറ്റുകൾ, വിവിപാറ്റ് എന്നിവയുടെ സീൽ ഭദ്രമായിരുന്നുവെന്ന് കണ്ടെത്തി.
ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ഉപയോഗം പുന:പരിശോധിക്കേണ്ടതുണ്ടെന്നും തിര. കമ്മിഷൻ ഒന്നുമറിയാത്ത അവസ്ഥയിലാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.