covid

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ ആറുമാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 81466 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ രാജ്യത്ത് 4.56 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 81.25 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, പഞ്ചാബ്, തമിഴ്‌നാട്, കേരളം, ഡൽഹി, യു.പി എന്നീ എട്ട് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ 43000ത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചത്തീസ്ഗഡിലും കർണാടകയിലും നാലായിരത്തിലേറെയും പഞ്ചാബിൽ മൂവായിരത്തിലേറെയും പുതിയ രോഗികളുണ്ടായി. ആകെ രോഗികളുടെ എണ്ണം 614696 ആയി ഉയർന്നു. മഹാരാഷ്ട്ര, കർണാടക, ഛത്തീസ്ഗഡ്, കേരള, പഞ്ചാബ് എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ള രോഗികളുടെ 77.91 ശതമാനവും. രോഗമുക്തി നിരക്ക് 93.68 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ച 469 പേരിൽ 83.16 ശതമാനവും മഹാരാഷ്ട്ര ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലായാണ്. 50,356 പേർ കൂടി രോഗമുക്തരായി. ഒഡിഷ, ലഡാക്ക്, ദാദ്ര, ദാമൻ, നാഗാലാൻഡ്, മണിപ്പുർ, ത്രിപുര, സിക്കിം, ലക്ഷദ്വീപ്, മേഘാലയ, മിസോറാം, ആൻഡമാൻ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ പുതിയ മരണങ്ങളില്ല.

 കർണാടക കൃഷിമന്ത്രി ബി.സി പാട്ടീലിന് വീട്ടിലെത്തി വാക്‌സിൻ നൽകിയ സംഭവത്തിൽ താലൂക്ക് ഹെൽത്ത് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. മാർച്ച് രണ്ടിനാണ് കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ ലംഘിച്ച് വീട്ടിലെത്തി വാക്സിൻ നൽകിയത്.

 പൂനെയിൽ 12 മണിക്കൂർ കർഫ്യൂ

കൊവിഡ് രൂക്ഷമായ മഹാരാഷ്ട്രയിലെ പൂനെയിൽ 12 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. രാത്രി ആറ് മുതൽ വൈകിട്ട് ആറുവരെയാണ് കർഫ്യൂ. ആരാധനാലയങ്ങൾ, ഹോട്ടുലുകൾ, ബാറുകൾ,ഷോപ്പിംഗ് മാളുകൾ, തിയേറ്ററുകൾ എന്നിവ അടച്ചിടും. ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.

 ഡൽഹിയിൽ ലോക്ക്ഡൗണില്ല: കേജ്‌രിവാൾ

ഡൽഹിയിൽ ഇപ്പോൾ ലോക്ക്ഡൗൺ നടപ്പാക്കാനുദ്ദേശിക്കുന്നില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. വ്യാഴാഴ്ച മൂവായിരത്തോളം പേർക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കേജ്‌രിവാൾ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.