ന്യൂഡൽഹി: മഹാരാഷ്ട്രയും കേരളവും ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡിലും ആശങ്കാജനകമായ വിധം കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണെന്ന് കേന്ദ്രസർക്കാർ. രാജ്യത്ത് കൊവിഡ് കേസുകളുടെ വ്യാപനം ഏറ്റവും ഉയർന്ന നിലയിലാണിപ്പോൾ. സ്ഥിതിഗതി നേരിടാൻ കേന്ദ്രകാബിനറ്റ് സെക്രട്ടറി രാജീവ് ഗൗഭയുടെ നേതൃത്വത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ചർച്ച നടത്തി.
പരിശോധന വ്യാപിപ്പിച്ചും ആരോഗ്യസംവിധാനങ്ങൾ മെച്ചപ്പെടുത്തിയും വാക്സിനേഷൻ കൂട്ടിയും പ്രതിരോധം ശക്തമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
പ്രതിദിന രോഗികളുടെ എണ്ണവും മരണവും ഉയർന്നുനിൽക്കുകയാണ്. മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം ഈ സംസ്ഥാനങ്ങളിലാണ് 90 ശതമാനം പുതിയ കേസുകളും 90.5 ശതമാനം മരണവും. മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരമാണ്.
മാർച്ചിൽ ഇന്ത്യയിലെ കൊവിഡ് കേസുകളിലെ വളർച്ചാ നിരക്ക് 6.8 ശതമാനമായി ഉയർന്നു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്നനിരക്കാണിത്. ജൂണിൽ ഇത് 5.5 ശതമാനമായിരുന്നു.
കൊവിഡ് വ്യാപനം
കൂടുതൽ
മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഡ്, പഞ്ചാബ്, കർണാടക, ഗുജറാത്ത്, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ഡൽഹി, ഹരിയാന, ചണ്ഡീഗഡ്
നിർദേശങ്ങൾ
5% താഴെയാക്കണം പോസിറ്റിവിറ്റി നിരക്ക്
70% പരിശോധനയും ആർ.ടി.പി.സി.ആർ ആയിരിക്കണം.
30 പേരെയെങ്കിലും ക്വാറന്റൈൻ ചെയ്യാൻ കഴിയുംവിധം ഓരോ രോഗിയുടെയും സമ്പർക്കം കണ്ടെത്തണം
ഐസൊലേഷൻ ബെഡുകൾ, ഓക്‌സിജൻ ലഭ്യമായ ഐ.സി.യു ബെഡുകൾ എന്നിവ കൂടുതൽ സജ്ജമാക്കണം.
മാസ്‌ക് ധരിക്കാത്തതടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനങ്ങൾക്ക് കർശന നടപടി