mamtha-and-udayanithi

ന്യൂഡൽഹി: തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിക്കും ഡി.എം.കെ നേതാവ് ഉദയ നിധി സ്റ്റാലിനുമെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കർ, മുക്താർ അബ്ബാസ് നഖ്‌വി, അനിൽ ബലൂനി എം.പി എന്നിവരാണ് പരാതി നൽകിയത്.

ഹൂഗ്ളിയിൽ നടന്ന റാലിയിൽ മമതാ ബി.ജെ.പി പ്രവർത്തകരെയും അനുഭാവികളെയും ഭീഷണിപ്പെടുത്തി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് ആരോപണം. ഡി.എം.കെ മേധാവി എം.കെ. സ്റ്റാലിന്റെ മകനും ചെന്നൈ ചെപ്പോക്ക് ട്രിപ്ളിക്കേൻ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ഉദയനിധി സ്റ്റാലിൻ അന്തരിച്ച മുൻ കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജിനെയും അരുൺ ജയ്‌റ്റ്ലിയെയും കുറിച്ച് നടത്തിയ പ്രസ്‌താവനയുടെ പേരിലാണ് നടപടി ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാനസിക പീഡനമാണ് ഇരുവരുടെയും മരണകാരണമെന്നാണ് പറഞ്ഞ ഉദയനിധിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെടുന്നു.