rakesh-tikait

ന്യൂഡൽഹി: കർഷക സമരനേതാവ് രാകേഷ് ടിക്കായത്ത് സഞ്ചരിച്ച കാറിന് നേരെ ആക്രമണം. ബി.ജെ.പിക്കാരാണ് ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ തതർപുർ ഗ്രാമത്തിൽ വച്ചാണ് സംഭവം. കാർഷിക നിയമങ്ങൾക്കെതിരായ ഒരുപരിപാടിയിൽ പങ്കെടുത്ത ശേഷം ബൻസുരിലേക്ക് പോകുന്നതിനിടെ രാകേഷ് ടിക്കായത്ത് സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടാകുകയായിരുന്നു. കാറിന്റെ ചില്ലുകൾ തകർന്നു. അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ല. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

തകർന്ന കാറിന്റെ ദൃശ്യങ്ങൾ ട്വിറ്റിറിലൂടെ ടിക്കായത്ത് പുറത്തുവിട്ടു. അക്രമത്തിൽ പ്രതിഷേധിച്ച് കർഷകർ ഗാസിപ്പുരിൽ പ്രതിഷേധിച്ചു.