ladak

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ശേഷിക്കുന്ന മേഖലകളിൽ നിന്ന് സേനകളെ പിൻവലിക്കുന്നത് വേഗത്തിൽ പൂർത്തിയാക്കാൻ ചൈന സഹകരിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്ന് വിദേശ മന്ത്രാലയം വ്യക്തമാക്കി. സേനാപിൻമാറ്റം യാഥാർത്ഥ്യമായാലേ നിയന്ത്രണരേഖയിൽ ഉഭയകക്ഷി ധാരണകൾ പ്രകാരം സമാധാനം പുലരൂവെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

സേനാ പിൻമാറ്റവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും സൈനിക-നയതന്ത്ര ചർച്ചകൾ തുടരുകയാണ്. അതിർത്തിയിൽ സംഘർഷം തുടരുന്നത് ഇരുരാജ്യങ്ങൾക്കും നല്ലതല്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞതും വക്താവ് ചൂണ്ടിക്കാട്ടി. സേനാപിൻമാറ്റത്തിലൂടെ മാത്രമെ കിഴക്കൻ ലഡാക്കിൽ സമാധാനവും ശാന്തതയും തിരിച്ചുവരികയും ഉഭയകക്ഷി ബന്ധം മെച്ചപ്പെടാനുള്ള സാഹചര്യം ഒരുങ്ങുകയുമുള്ളൂ.

പാംഗോംഗ് തടാക പ്രദേശത്തെ സേനാപിൻമാറ്റം പടിഞ്ഞാറൻ സെക്‌ടറിൽ ശേഷിക്കുന്ന തർക്കങ്ങൾ പരിഹരിക്കാനുള്ള അടിത്തറയായെന്നും ബാഗ്ചി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലെ അഭിപ്രായങ്ങൾ കോർ കമാൻഡർമാരുടെ കൂടിക്കാഴ്‌ചയിലും അതിർത്തി പ്രശ്‌നങ്ങൾ സംബന്ധിച്ച കോർഡിനേഷൻ യോഗത്തിലും ഇരുരാജ്യങ്ങളും കൈമാറിയതായും അദ്ദേഹം അറിയിച്ചു.