12

ന്യൂഡൽഹി: പ്രഥമ കേന്ദ്ര പരിസ്ഥിതി മന്ത്രിയും ഗുജറാത്തിലെ വാങ്കനീറിൽ നിന്നുള്ള എം.എൽ.എയുമായ ദിഗ്‌വിജയ് സിംഗ് ഝാല (88) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

വാങ്കനീറിൽ ജനിച്ച ഝാല രാജ്കോട്ട്,​ കേംബ്രിഡ്‌ജ് സർവകലാശാല,​ ഡൽഹി സർവകലാശാല എന്നിവിടങ്ങളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.

1962-67,​ 1967-71 കാലയളവിൽ വാങ്കനീറിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച് നിയമസഭയിലെത്തി.

ശേഷം കോൺഗ്രസിൽ ചേർന്ന ദിഗ്‌വിജയ് സിംഗ് 1979ലും 1989ലും സുരേന്ദ്ര

നഗറിൽ നിന്നും എം.പിയായി. 1982 മുതൽ 1984 വരെ ഇന്ദിര ഗാന്ധി മുൻകൈയെടുത്ത് സ്ഥാപിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ആദ്യ മന്ത്രിയായിരുന്നു.

ഇന്ത്യൻ ടൂറിസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഡയറക്ടറായും (1968 -1982)​ പ്രവർത്തിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്ര സഭയിൽ ഒന്നിലേറെ തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി. വനം വന്യജീവി സംരക്ഷണത്തിനായി ദേശീയ ഉദ്യാനങ്ങൾ സ്ഥാപിക്കുന്നതിലും മരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി റെയിൽവേ ട്രാക്കുകളിൽ തടിക്ക് പകരം സിമന്റ് ഉപയോഗിക്കണമെന്ന മാറ്റം കൊണ്ടുവന്നതിലും ദിഗ്‌വിജയ് പ്രധാന പങ്ക് വഹിച്ചു.

വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ അനുശോചിച്ചു.