kk-

പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 93,249 പേരിലാണ് രോഗം കണ്ടെത്തിയത്. 513 മരണവും റിപ്പോർട്ട് ചെയ്തു. സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഉന്നതതല യോഗം വിളിച്ചു.

പരിശോധന,​ ചികിത്സ,​ വാക്സിനേഷൻ,​ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയിലൂടെ രോഗവ്യാപനം തടയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങൾ എങ്ങനെ പാലിക്കണമെന്ന് സംബന്ധിച്ച് ജനങ്ങളിൽ ബോധവത്കരണമുണ്ടാക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ ആറ് മുതൽ 14 വരെ കാമ്പെയിനുകൾ സംഘടിപ്പിക്കും.

ചികിത്സ സൗകര്യങ്ങൾ കൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കണം,​ മരണ നിരക്ക് കുറയ്ക്കാൻ മുൻകരുതലെടുക്കണം,​ രോഗവ്യാപനം വർദ്ധിക്കുന്ന മഹാരാഷ്ട്ര,​ പഞ്ചാബ്,​ ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് വിദഗ്ദ്ധ കേന്ദ്ര സംഘത്തെ അയയ്ക്കണം തുടങ്ങിയ നിർദ്ദേശങ്ങളും മോദി നൽകി.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, നീതി ആയോഗ് അംഗം (ആരോഗ്യം) വി.കെ. പോൾ തുടങ്ങിയവർ പങ്കെടുത്തു.

പുതിയ കേസുകളിൽ 80.96 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, ഡൽഹി, തമിഴ്‌നാട്, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ്. പ്രതിദിന കേസുകളിൽ ബ്രസീലിനെ മറി കടന്ന് ഇന്ത്യ ഒന്നാമത് എത്തിയിരുന്നു. അതേസമയം,​ ഇതുവരെ 7.5 കോടി പേർ കൊവിഡ് വാക്സിനെടുത്തു.


മഹാരാഷ്ട്രയിൽ വാരാന്ത്യ ലോക്ക്ഡൗൺ

കൊവിഡ് രൂക്ഷമായതോടെ മഹാരാഷ്ട്രയിൽ വാരാന്ത്യ ലോക്ക്ഡൗണും രാത്രി രാത്രി 8 മുതൽ രാവിലെ ഏഴ് വരെ കർഫ്യൂവും പ്രഖ്യാപിച്ചു.

പകൽ നേരങ്ങളിൽ ആൾകൂട്ടങ്ങൾ ഒഴിവാക്കുന്നതിനായി 144 പ്രഖ്യാപിച്ചിട്ടുണ്ട്. മാളുകൾ, റെസ്റ്റോറൻറുകൾ, ബാറുകൾ എന്നിവ അടച്ചിടും ടേക്ക് എവേ കൗണ്ടറുകൾ മാത്രം പ്രവർത്തിക്കും. സർക്കാർ ഓഫീസുകളിൽ ഹാജർനില 50 ശതമാനമായി ചുരുക്കി. സിനിമാ തിയേറ്ററുകൾ അടച്ചിടും.

ഇന്നലെ മാത്രം 49,447 കേസുകളും 277 മരണവും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ലോക്ക്ഡൗണിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിവിധ കക്ഷി നേതാക്കളുടെ പിന്തുണ തേടി.

മൈക്രോ ലോക്ക്ഡൗണും യാത്രാനിയന്ത്രണവും

കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ മൈക്രോ ലോക്ക് ഡൗണും യാത്രാനിയന്ത്രണങ്ങളും അനിവാര്യമാണെന്ന് ഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് മേധാവി ഡോ.രൺദീപ് ഗുലേരിയ പറഞ്ഞു. തുടർച്ചയായ പരിശോധന,​ ഐസൊലേഷൻ,​ ലോക്ക്ഡൗൺ,​ യാത്രാനിയന്ത്രണങ്ങൾ തുടങ്ങിയവ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.