ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മലയാളിയായ പിതാവും മകനും ഡൽഹിയിൽ മരിച്ചു. എയർഫോഴ്‌സ് മുൻ ഉദ്യോഗസ്ഥനും പത്തനംതിട്ട തൊണ്ടത്തറ തയ്യിൽ വീട്ടിൽ പരേതനായ ടി.കെ സാമുവലിന്റെ മകനുമായ ടി.എസ് ചെറിയാൻ (73), മകൻ നിധിൻ ചെറിയാൻ (36) എന്നിവരാണ് മരിച്ചത്. ഡൽഹി ദിൽഷാദ് ഗാർഡനിലെ താഹിർപൂർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിൽസയിലായിരുന്നു. മകൻ നിധിൻ ശനിയാഴ്ച രാത്രി 12 മണിക്കും പിതാവ് ഇന്നലെ രാവിലെ 8 മണിക്കുമാണ് മരിച്ചത്.
ഡൽഹിയിൽ താമസമാക്കിയ ടി.എസ്. ചെറിയാൻ കിഴക്കൻ ഡൽഹിയിലെ ദിൽഷാദ് ഗാർഡൻ പ്രദേശത്തെ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. ഖാദിബോർഡ് അംഗമായും പ്രവർത്തിച്ചിരുന്നു. മകൻ നിധിൻ ചെറിയാൻ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിൽ കംപ്യൂട്ടർ ഓപ്പറേറ്ററാണ്. നിധിനാണ് ആദ്യം രോഗം ബാധിച്ചത്. മൃതദേഹങ്ങൾ സീമാപുരിയിലെ പൊതു ശ്മശാനത്തിൽ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് ദഹിപ്പിച്ചു .പരേതയായ കുഞ്ഞമ്മ ചെറിയാനാണ് ടി.എസ്.ചെറിയാന്റെ ഭാര്യ. നിധിന്റെ ഭാര്യ ജോസി. നിധിന് ഏഴു വയസുള്ള മകനും ആറു മാസം പ്രായമുള്ള മകളുമുണ്ട്.