മമതയുടെ ആരോപണം തള്ളി
ന്യൂഡൽഹി: പശ്ചിമബംഗാളിൽ നന്ദിഗ്രാം മണ്ഡലത്തിലെ ബോയൽ ബൂത്തിൽ ഏപ്രിൽ ഒന്നിന് നടന്ന വോട്ടെടുപ്പിനിടെ തോക്കുധാരികളെ കണ്ടെന്നും ബൂത്തു പിടിച്ചെടുത്തെന്നുമുള്ള മുഖ്യമന്ത്രി മമതാ ബാനർജിയുടെ പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. കേന്ദ്ര സേനാംഗങ്ങൾക്കെതിരെയുള്ള ആരോപണങ്ങളും കമ്മിഷൻ തള്ളി.
ബോയൽ ബൂത്തിൽ സമാധാനപരമായി വോട്ടെടുപ്പ് നടന്നതായാണ് പ്രത്യേക നിരീക്ഷകരായ അജയ് നായക്, വിജയ് ദുബെ എന്നിവർ കമ്മിഷന് നൽകിയ അന്തിമ റിപ്പോർട്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥർ വോട്ടർമാരെ തടഞ്ഞതായുള്ള പരാതി വാസ്തവ വിരുദ്ധമാണെന്നും ബൂത്തിന് വെളിയിൽ തോക്കുധാരികളായ ഗുണ്ടകളെ കണ്ടതായുള്ള മമതയുടെ പരാതിയിൽ കഴമ്പില്ലെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ വ്യക്തമാക്കി.
പുലർച്ചെ 5.30ന് തന്നെ നടപടിക്രമങ്ങൾ തുടങ്ങിയെന്നും ബൂത്തിൽ തൃണമൂലിന്റെ ഏജന്റുമാർ ഹാജരായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. സി.സി ടി.വി ദൃശ്യങ്ങളും സമാധാനപരമായി വോട്ടെടുപ്പ് നടന്നതായി തെളിയിക്കുന്നുവെന്ന് കമ്മിഷൻ മമതാ ബാനർജിക്ക് നൽകിയ മറുപടി കത്തിൽ പറയുന്നു.