kejriwal

ന്യൂഡൽഹി: കർഷക സമരത്തെ പിന്തുണച്ചതിന് ഡൽഹി സർക്കാരിനെ കേന്ദ്രം ശിക്ഷിച്ചു എന്ന് ഡൽഹി ബില്ലിനെ പരാമർശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഹരിയാനയിൽ കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഞങ്ങളെ ശിക്ഷിക്കുന്നതിനായി അവർ പാർലമെന്റിൽ ഒരു ബിൽ അവതരിപ്പിച്ചു. കർഷകരുടെ പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പ്രതികാരമായിട്ട്, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിന്ന് ലെഫ്റ്റനന്റ് ഗവർണറുടെ കൈകളിലേക്ക് അധികാരം കൈമാറി. പ്രതിഷേധങ്ങൾക്കിടെ മരിച്ച 300 കർഷകരുടെ ത്യാഗത്തിനെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. അവരുടെ ത്യാഗം വെറുതെയാകില്ലെന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്നും' കെജ്‌രിവാൾ പറഞ്ഞു. ഡൽഹിയിലേക്ക് വരുന്ന കർഷകരെ തടവിലാക്കാനായി സ്റ്റേഡിയങ്ങൾ ജയിലാക്കി മാറ്റാൻ കേന്ദ്രം സമ്മർദ്ധം ചെലുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. കർഷകർ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ആവശ്യം സർക്കാർ നിരസിച്ചു.

''ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം അയച്ച ഫയൽ ഞാൻ തിരിച്ചയച്ചു. എന്റെ അധികാരം എടുത്തു കളയുമെന്ന് അവർ എന്നെ ഭീഷണിപ്പെടുത്തി. എന്നാൽ ഞാൻ ആ ഫയൽ നിരസിച്ചു'' അദ്ദേഹം കൂട്ടിച്ചേർത്തു.