bjp

ന്യൂഡൽഹി:അസാമിലെ തമുൽപൂർ മണ്ഡലത്തിലെ ബി.പി.എഫ് സ്ഥാനാർത്ഥിയായ രഞ്ജ കുംഗുർ ബസുമതരി ബി.ജെ.പിയിൽ ചേർന്ന സാഹചര്യത്തിൽ നാളെ നടക്കാനിരിക്കുന്ന വോട്ടെടുപ്പ് മാറ്റണമെന്ന അപേക്ഷ തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. സ്ഥാനാർത്ഥി മരിച്ചാലല്ലാതെ വോട്ടെടുപ്പ് മാറ്റിവയ്ക്കാനാകില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. വോട്ടെടുപ്പ് മാറ്റിവയ്‌ക്കുകയോ വേറൊരു സ്ഥാനാർത്ഥിയെ നിറുത്താൻ അനുവദിക്കുകയോ ചെയ്യണമെന്ന് ബി.പി.എഫ് നേതാവ് ഹഗ്രാമ തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർത്ഥിച്ചിരുന്നു. ഇദ്ദേഹം സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.

ഏപ്രിൽ ഒന്നിനാണ് ബസുമതരി ബി.ജെ.പിയിൽ ചേർന്നത്. താൻ സ്വന്തം ഇഷ്‌ടപ്രകാരമാണ് പാർട്ടി മാറിയതെന്നും തമുൽപൂരിൽ യുണൈറ്റഡ് പ്യൂപ്പിൾസ് പാർട്ടി ലിബറൽ (യു.പി.പി.എൽ) പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും ബസുമതരി തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്. അസാമിൽ എൻ.ഡി.എ ഘടകകക്ഷിയാണ് യു.പി.പി.എൽ. മുമ്പ് എൻ.ഡി.എയിലായിരുന്ന ബി.പി.എഫ് ഇപ്പോൾ കോൺഗ്രസിനൊപ്പമാണ്. വിഷയത്തിൽ ബി.ജെ.പി കുതിരക്കച്ചവടം നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു.