ന്യൂഡൽഹി:പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി അപകടകാരിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ. 2008ലെ ബംഗളൂരു ബോംബ് സ്ഫോടന കേസിൽ വിചാരണ നേരിടുകയാണ് മഅ്ദനി. അതു പൂർത്തിയാകുംവരെ ചികിത്സയ്ക്കും മറ്റും കേരളത്തിലേക്ക് പോകാനും താമസിക്കാനും അനുവദിക്കണമെന്ന ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ ബൊപ്പണ്ണ, രാമസുബ്രഹ്മണ്യൻ എന്നിവരായിരുന്നു ബെഞ്ചിലുണ്ടായിരുന്നത്.
ഹർജി വാദം കേൾക്കാൻ എടുത്തപ്പോൾത്തന്നെ ചീഫ് ജസ്റ്റിസ് പരാമർശം നടത്തുകയായിരുന്നു.
2014ൽ ജാമ്യം അനുവദിച്ചപ്പോൾ ബംഗളൂരു വിടാൻ പാടില്ലെന്നതായിരുന്നു വ്യവസ്ഥയെന്നും ഇത് സാമ്പത്തികമായും ശാരീരികമായും ഹർജിക്കാരന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അഭിഭാഷകൻ ജയന്ത് ഭൂഷൺ കോടതിയെ അറിയിച്ചു. അന്നത്തെ ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ചെലമേശ്വർ, സിക്രി എന്നിവരുൾപ്പെട്ട ബെഞ്ചിൽ താനും ഉണ്ടായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. അഭിഭാഷകനായിരിക്കെ മഅ്ദനിക്ക് വേണ്ടി ഹാജരായിട്ടുണ്ടോയെന്ന് ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യൻ സ്വമേധയാ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഹർജി അടുത്തയാഴ്ചത്തേക്ക് മാറ്റി.
2008ലെ ബംഗളൂരു സ്പോടന കേസുമായി ബന്ധപ്പെട്ട് 2010 ആഗസ്റ്റിലാണ് മഅ്ദനിയെ കർണാടക പൊലീസ് അറസ്റ്റുചെയ്ത് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാക്കിയത്. വിചാരണ നടപടികൾ തുടങ്ങിയെങ്കിലും ഒച്ചിഴയും വേഗത്തിലാണ് നീങ്ങുന്നത്.