കൊളീജിയം ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു

ന്യൂഡൽഹി : ജസ്റ്റിസ് എൻ.വി. രമണയെ ഇന്ത്യയുടെ നാല്പത്തിയെട്ടാമത് ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള കൊളീജിയം ശുപാർശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രമണ ഏപ്രിൽ 24 ന് ചുമതലയേൽക്കും. നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ 23ന് വിരമിക്കും.

ജസ്റ്റിസ് എൻ.വി.രമണയ്ക്ക് 2022 ആഗസ്റ്റ് 26 വരെയാണ് ഒൗദ്യോഗിക കാലാവധി. ആന്ധ്രാ ഹൈക്കോടതിയിൽ നിന്ന് പരമോന്നത നീതിപീഠത്തിന്റെ തലപ്പത്തെത്തുന്ന രണ്ടാമത്തെ ജഡ്ജിയാണ് അദ്ദേഹം. സുപ്രീം കോടതിയുടെ ഒൻപതാമത്തെ ചീഫ് ജസ്റ്റിസായ (1966 - 67) സുബ്ബ റാവോ ആയിരുന്നു ആദ്യത്തെയാൾ. ആന്ധ്രാപ്രദേശിൽ കൃഷ്ണ ജില്ലയിലെ പൊന്നാവരണം ഗ്രാമത്തിലെ കർഷക കുടുംബത്തിൽ 1957 ആഗസ്റ്റ് 27ന് ജനനം. 1983 ഫെബ്രുവരി 10ന് അഭിഭാഷകനായി എൻറോൾ ചെയ്തു. 2000 ജൂണിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി. 2013 മാർച്ച് 10 മുതൽ ആക്ടിംഗ് ചീഫ് ജസ്റ്റിസ്. 2013 സെപ്തംബ‌റിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2014 ഫെബ്രുവരി 17ന് സുപ്രീംകോടതി ജഡ്ജിയായി. സെൻട്രൽ അഡ്മിനിസ്റ്റേറ്റിവ് ട്രൈബ്യൂണൽ, എ.പി. സ്റ്റേറ്റ് ട്രൈബ്യൂണൽ തുടങ്ങി ആന്ധ്രാ സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും വിവിധ ഏജൻസികളുടെ ഭാഗമായി.