കേന്ദ്ര ആരോഗ്യമന്ത്രി യോഗം വിളിച്ചു
മഹാരാഷ്ട്രയിൽ നിന്ന് കുടിയേറ്റ തൊഴിലാളികൾ മടങ്ങുന്നു
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം ഇതാദ്യമായി ഒരു ലക്ഷം കടന്നു.
1,03,558 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതിന് മുമ്പ് സെപ്തംബർ 17നാണ് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അന്ന് 97,894 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നിലവിൽ മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടക, യു.പി, ഡൽഹി, തമിഴ്‌നാട്, മദ്ധ്യപ്രദേശ്, പഞ്ചാബ് എന്നീ എട്ട് സംസ്ഥാനങ്ങളിൽ സ്ഥിതി അതിരൂക്ഷമാണ്. ഈ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗം ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധന്റെ നേതൃത്വത്തിൽ ചേരും. 81.90 ശതമാനം പുതിയ കേസുകളും ഇവിടങ്ങളിലാണ്.
അരലക്ഷത്തിന് മുകളിലാണ് മഹാരാഷ്ട്രയിലെ കൊവിഡ് കേസുകൾ. കൊവിഡ് രൂക്ഷമാകുകയും നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തതോടെ മഹാരാഷ്ട്രയിൽ നിന്ന് കുടിയേറ്റ തൊഴിലാളികൾ മടങ്ങിത്തുടങ്ങി.
പ്രതിദിന രോഗികൾ ഉയർന്ന് നിൽക്കുന്ന മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, പഞ്ചാബ്, കർണാടക, ഡൽഹി, തമിഴ്‌നാട്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്, യു.പി, കേരളം എന്നീ രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 7,41,830 ആയി ഉയർന്നു.
മഹാരാഷ്ട്ര, കർണാടക,പഞ്ചാബ്, കേരള, ഛത്തീസ്ഗഢ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ളവരിൽ 76 ശതമാനവും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 478 പേർ കൂടി മരിച്ചു. 52,847 പേർ കൂടി രോഗമുക്തരായി. രോഗമുക്തി നിരക്ക് 92.8 ശതമാനം.
കേസുകളുയരുന്ന പശ്ചാത്തലത്തിൽ വാക്സിനേഷൻ പ്രായപരിധി മാനദണ്ഡങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേജ്‌രിവാൾ പ്രധാനമന്ത്രിക്ക് കത്തെഴുതി. അനുമതിച്ച് ലഭിച്ചാൽ മൂന്നുമാസത്തിനുള്ളിൽ ഡൽഹിയിൽ എല്ലാവർക്കും വാക്സിൻ നൽകാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് കുത്തിവച്ച വാക്സിൻ ഡോസുകളുടെ എണ്ണം 8 കോടി കടന്നു.