lavlin

അപേക്ഷ സുപ്രീംകോടതി രജിസ്ട്രാർക്ക്

ന്യൂഡൽഹി:മുഖ്യമന്ത്രി പിണറായി വിജയനും മറ്റുമെതിരെയുള്ള ലാവ്‌ലിൻ കേസ് ഇന്ന് രാവിലെ സുപ്രീംകോടതി പരിഗണിക്കാൻ ലിസ്റ്റ് ചെയ്‌തതിന് പിന്നാലെ കേസ് മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്‌ട്രാർക്ക്

അപേക്ഷ. ഇത് സുപ്രീംകോടതി അംഗീകരിച്ചാൽ,​ രാഷ്‌ട്രീയ കോളിളക്കം ഉണ്ടാക്കിയ ലാവ്‌ലിൻ കേസ് വോട്ടെടുപ്പ് ദിവസമായ ഇന്ന് വാർത്തയാകുന്നത് ഒഴിവാകും.

പിണറായി വിജയനൊപ്പം പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസിന്റെ അഭിഭാഷകൻ പ്രകാശ് രഞ്ചൻ നായക് ആണ് അപേക്ഷ നൽകിയത്. ഹൈക്കോടതിയിൽ സമർപ്പിച്ച രേഖകൾ സുപ്രീംകോടതിയിൽ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നാണ് ആവശ്യം. സി.ബി.ഐ ഇതിനെ അനുകൂലിക്കുമോ എതിർക്കുമോയെന്ന് വ്യക്തമല്ല. ഇക്കാര്യത്തിലുള്ള നിലപാട് ഇന്ന് കോടതിയിൽ വ്യക്തമാക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

നാലാം നമ്പർ കോടതിയിൽ ജസ്റ്റിസ്‌മാരായ യു.യു ലളിതും ഇന്ദിര ബാനർജിയും ഉൾപ്പെട്ട ബെഞ്ചിൽ നാലാമത്തെ കേസായാണ് ലാവ്‌ലിൻ ലിസ്റ്റ് ചെയ്തത്.

പിണറായി വിജയനടക്കമുള്ളവരെ വെറുതേവിട്ട ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയും തങ്ങൾ വിചാരണ നേരിടണമെന്ന വിധിക്കെതിരെ കസ്തൂരിരംഗ അയ്യർ, ആർ. ശിവദാസൻ നായർ തുടങ്ങിയ പ്രതികളും നൽകിയ അപ്പീലുകളും കോൺഗ്രസ് നേതാവ് വി.എം. സുധീരന്റെ ഹർജിയുമാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. ഇരുപതിലേറെ തവണ കേസ് സുപ്രീംകോടതി മുമ്പാകെ എത്തിയെങ്കിലും സി.ബി.ഐ കൂടുതൽ സമയം ആവശ്യപ്പെട്ടതിനാൽ മാറ്റിവയ്ക്കുകയായിരുന്നു.

വിചാരണക്കോടതിയും ഹൈക്കോടതിയും ഒരേ തീരുമാനമെടുത്ത കേസിൽ ശക്തമായ തെളിവുണ്ടെങ്കിൽ മാത്രമേ സുപ്രീംകോടതി ഇടപെടൂ എന്ന് നേരത്തേ ഹർജി പരിഗണിച്ചപ്പോൾ ജസ്റ്റിസ് യു.യു. ലളിത് വാക്കാൽ പറഞ്ഞിരുന്നു.