anil-deshmukh

 ഉദ്ധവ് സർക്കാരിനെതിരെ ബി.ജെ.പി

ന്യൂഡൽഹി: മുംബയിലെ ബാറുകളിൽ നിന്നും മറ്റും പണം പിരിക്കാൻ പൊലീസുകാരെ നിർബന്ധിച്ചെന്ന മുൻ പൊലീസ് കമ്മിഷണർ പരംബീർ സിംഗിന്റെ പരാതിയിൽ ബോംബെ ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ മഹാരാഷ്‌ട്രാ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് രാജിവച്ചു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സർക്കാരിലെ സഖ്യകക്ഷിയായ എൻ.സി.പിയുടെ പ്രതിനിധിയാണ് അനിൽ ദേശ്‌മുഖ്. സംസ്ഥാന എക്‌സൈസ്, തൊഴിൽ മന്ത്രി ദിലീപ് വാൽസെ പാട്ടീൽ ആഭ്യന്തരമന്ത്രിയായേക്കും.

ദേശ്‌മുഖിനെതിരായ അഴിമതിയാരോപണം താക്കറെ സർക്കാരിനെതിരെയുള്ള ആയുധമാക്കിയിരിക്കയാണ് ബി.ജെ.പി.

എൻ.സി.പി അദ്ധ്യക്ഷൻ ശരദ്പവാറുമായി ചർച്ച ചെയ്‌ത ശേഷമാണ് ദേശ്‌മുഖ്, മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകിയത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പദവിയിൽ തുടരുന്നത് ധാർമ്മികമായി ശരിയല്ലെന്ന് രാജിക്കത്തിൽ പറയുന്നു. അതേസമയം, ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നും അനിൽ ദേശ്‌മുഖ് വ്യക്തമാക്കി.

പരംബീർ സിംഗിന്റെ ഹർജിയിൽ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തയും ജസ്റ്റിസ് ജി.എസ്. കുൽക്കർണിയുമാണ് കേസ് സി.ബി.ഐയ്ക്ക് വിട്ടത്. ആഭ്യന്തരമന്ത്രിക്കെതിരെയുള്ള ആരോപണം അസാധാരണവും അപൂർവ്വവുമാണെന്ന് കണ്ടെത്തിയ കോടതി 15 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും നിർദ്ദേശിച്ചു. തുടർ നടപടികൾ സി.ബി.ഐ ഡയറക്ടർക്ക് തീരുമാനിക്കാം.

കൂടുതൽ അഴിമതികൾ അന്വേഷണത്തിലൂടെ വെളിപ്പെടുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. ആഭ്യന്തര മന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉദ്ധവ് താക്കറെ സർക്കാർ രാജിവയ്‌ക്കണമെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രവിശങ്കർ പ്രസാദും ആവശ്യപ്പെട്ടു.

സ്ഥലംമാറ്റത്തിനും മറ്റുമായി അനിൽ ദേശ്‌മുഖ് മുംബയിലെ ബാറുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നും പണം പിരിക്കാൻ പൊലീസ് ഉദ്യോഗസ്ഥൻമാരെ ചട്ടം കെട്ടിയെന്നാണ് പരംബീർ സിംഗിന്റെ ആരോപണം. റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽ സ്ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ മുൻ മുംബയ് അസി. കമ്മിഷണർ സച്ചിൻ വാസെയോട് മാസം 100 കോടി പിരിച്ചുകൊടുക്കാൻ മന്ത്രി ആവശ്യപ്പെട്ടെന്നും സിംഗ് ആരോപിച്ചിരുന്നു.

സംഭവത്തിൽ മുംബയ് പൊലീസ് കമ്മിഷണർ സ്ഥാനത്ത് നിന്ന് മാറ്റി ഹോം ഗാർഡ് മേധാവിയായി നിയമിച്ചതിന് പിന്നാലെയാണ് പരംബീർ സിംഗ് മന്ത്രിക്കെതിരെ തിരിഞ്ഞത്.