ന്യൂഡൽഹി: പണം നൽകി വോട്ടുപിടിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ ഡി.എം.കെ നേതാക്കളും സ്ഥാനാർത്ഥികളുമായ എം.കെ സ്റ്റാലിൻ, മകൻ ഉദയനിധി, ഇ.വി വേലു, കെ.എൻ. നെഹ്റു, ദുരൈ മുരുകൻ എന്നിവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പരാതി.
സ്റ്റാലിൻ കൊളത്തൂരിലും ഉദയനിധി ചെപ്പോക്കിലുമാണ് മത്സരിക്കുന്നത്. ദുരൈ മുരുഗൻ കട്പാടിയിലും കെ.എൻ നെഹ്‌റു തിരുച്ചിറപ്പള്ളിയിലും ഇ.വി തിരുവണ്ണാമലയിലും ജനവിധി തേടുന്നത്. സ്റ്റാലിൻ വോട്ടർമാർക്ക് 5000 രൂപ വീതം രഹസ്യമായി എത്തിച്ചുനൽകി. സ്റ്റാലിന്റെ ഭാര്യ ദുർഗ മണ്ഡലത്തിൽ താമസിച്ച് വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 10,000 രൂപ വീതം വോട്ടുപിടിക്കാനും മറ്റുമായി നൽകി. ഈ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മാറ്റിവയ്ക്കണം. സ്ഥാനാർത്ഥികൾക്കെതിരെ കടുത്ത നടപടി വേണമെന്നും ആവശ്യപ്പെട്ടു.
അതേസമയം എ.ഐ.എ.ഡി.എം.കെ പരാജയഭീതിയിലാണെന്നും അതുകൊണ്ടാണ് നേതാക്കളെ ലക്ഷ്യംവയ്ക്കുന്നതെന്നും ഡി.എം.കെ വക്താവ് പ്രതികരിച്ചു.