12

ന്യൂഡൽഹി: റെക്കാഡുകളിൽ ഇന്ത്യയ്ക്ക് ഒരു പൊൻതൂവൽ കൂടി സമ്മാനിച്ച് ലോകത്തെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം ജമ്മുകാശ്‌മീരിൽ പൂർത്തിയായി. കാശ്‌മീരിലെ ചെനാബ് ആർച്ച് ബ്രിഡ്ജിന്റെ നിർമ്മാണ ജോലികളാണ് തിങ്കളാഴ്ചയോടെ അവസാനിച്ചത്. 1315 മീറ്റർ നീളമുള്ള പാലത്തിന് 467 മീറ്റർ നീളമുള്ള കമാനമുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 359 മീറ്റർ ഉയരമുള്ള റെയിൽവേ പാലത്തിന് ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരം കൂടുതലാണ്. 1400 കോടി രൂപയുടെ നിർമ്മാണ ചെലവുള്ള പാലത്തിന്റെ ആയുസ് 120 വർഷമാണ്.

കാശ്മീർ റെയിൽവേയുടെ ഭാഗമായ ഉധംപൂർ കാട്ര ഖാസിഗുണ്ട് വഴി ജമ്മുവിനെ ബാരാമുള്ളയും ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന പാതയിൽ പാലം നിർമ്മിക്കുന്നതോടെ ഈ റൂട്ടിലെ സഞ്ചാരസമയം ഏഴുമണിക്കൂറായി കുറയും. കന്യാകുമാരിയിൽ നിന്ന് വരുന്ന ട്രെയിനുകൾക്ക്‌ പോലും യാതൊരു തടസവുമില്ലാതെ കാശ്‌മീരിലേക്ക് എത്താം. ‌. ഒരു സമയം 3200 തൊഴിലാളികളാണ് പാലത്തിന്റെ നിർമ്മാണത്തിനായി പ്രവർത്തിച്ചത്.


പാലത്തിന്റെ പ്രത്യേകതകൾ

 പ്രധാന അടിത്തറയിലെ ഒരു സ്റ്റീൽ പിയറിന്റെ ഉയരം 131 മീറ്ററാണ്. ഇത് കുത്തബ് മിനാറിനേക്കാൾ 72 മീറ്റർ ഉയരം കൂടുതലാണ്.

 266 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനെ നേരിടാനുള്ള കരുത്തുണ്ട്

 റിക്ടർ സ്‌കെയിലിൽ എട്ട് വരെ തീവ്രത കാണിക്കുന്ന ഭൂചലനങ്ങളെ നേരിടാൻ പാലത്തിനാകും.

 മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കും പാലത്തിന് മുകളിലൂടെ അനുവദിക്കുന്ന പരമാവധി വേഗത.

 കടുത്ത ആഘാതങ്ങളെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള 633എംഎം സ്റ്റീലാണ് പാലത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മൈനസ് 20 ഡിഗ്രി വരെയുള്ള തണുപ്പിനെയും ഭീകര ആക്രമണങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷിയും പാലത്തിനുണ്ടാവും.