rafel

 അന്വേഷണം വേണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള റാഫേൽ യുദ്ധവിമാന ഇടപാടിൽ വീണ്ടും വിവാദം. റാഫേൽ നിർമ്മാണ കമ്പനിയായ ദസ്സാൾട്ട് ഏവിയേഷൻ ഇന്ത്യൻ കമ്പനിയായ ഡെഫ്സിസ് സൊല്യൂഷൻസിന് സംശയകരമായ നിലയിൽ 10 ലക്ഷം യൂറോ നൽകിയതായി (8.5 കോടിയിലേറെ രൂപ) ഫ്രഞ്ച് അഴിമതിവിരുദ്ധ ഏജൻസി എ.എഫ്.എ കണ്ടെത്തിയതായി പാരീസിലെ മീഡിയ പാർട്ട് എന്ന വെബ്സൈറ്റ് വെളിപ്പെടുത്തി.

ഇന്ത്യയും ദസ്സാൾട്ട് എവിയേഷനും തമ്മിൽ കരാർ ഉറപ്പിച്ചതിനു പിന്നാലെയാണ് 'ഇടപാടുകാർക്കുള്ള സമ്മാനമായി' തുക കൈമാറിയത്.

റാഫേൽ ഇടപാടിൽ ദസ്സാൾട്ടിന്റെ ഉപകരാറുകാരാണ് ഡെഫ്സിസ്. അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ അഴിമതി കേസിൽ 2019ൽ ഇ.ഡി അറസ്റ്റ് ചെയ്ത സുഷേൻ ഗുപ്തയുടേതാണ് ഈ കമ്പനിയെന്ന് ആരോപണമുയർന്നിരുന്നു. റാഫേൽ ഇടപാടിൽ സുഷേൻ ഗുപ്ത ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നും പ്രതിരോധമന്ത്രാലയത്തിൽ നിന്ന് രഹസ്യരേഖകൾ ഇയാൾക്ക് ലഭിച്ചുവെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇത്രയും വലിയ തുക സമ്മാനമായി നൽകിയതിൽ എ.എഫ്.ഐ വിശദീകരണം തേടിയെങ്കിലും ദസ്സാൾട്ട് തൃപ്തികരമായ മറുപടി നൽകിയില്ല.

റാഫേൽ വിമാനത്തിന്റെ 50 വമ്പൻ മാതൃകാരൂപങ്ങൾ നിർമ്മിച്ചതിനാണ് പണം നൽകിയതെന്നാണ് ദസ്സാൾട്ട് പറയുന്നതെന്നും മീഡിയ പാർട്ട് റിപ്പോർട്ട് ചെയ്തു.

2015ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസ് സന്ദർശിക്കവെയാണ് 36 റാഫേൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്.

ദസാൾട്ട് സമ്മാനമായി നൽകിയ റാഫേൽ വിമാനത്തിന്റെ മാതൃകകൾ ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്.

വെളിപ്പെടുത്തിൽ കോൺഗ്രസ് അന്വേഷണം ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി ഉന്നയിച്ച അഴിമതി ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തലെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. അതേസമയം ബി.ജെ.പി പ്രതികരിച്ചിട്ടില്ല.