ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മൂന്നാം ഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രവും വിവിപാറ്റ് യൂണിറ്റുമായി ബന്ധുവായ തൃണമൂൽ നേതാവിന്റെ വീട്ടിലെത്തി കിടന്നുറങ്ങിയ പോളിംഗ് ഓഫീസറെയും ഏതാനും പൊലീസ് ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്‌പെൻഡ് ചെയ്‌തു.
ഹൗറ ജില്ലയിലെ ഉല്ലൂബേരിയ ഉത്തർ മണ്ഡലത്തിലെ സെക്‌ടർ ഒാഫീസർ തപൻ സർക്കാരാണ് നാല് വോട്ടിംഗ് യന്ത്രങ്ങളും നാല് വിവിപാറ്റ് യന്ത്രങ്ങളുമായി ബന്ധുവായ തൃണമൂൽ നേതാവ് ഗൗതം ഘോഷിന്റെ വീട്ടിലെത്തിയത്. സംഭവം വിവാദമായതോടെ കമ്മിഷൻ പ്രാഥമിക അന്വേഷണം നടത്തി സെക്ടർ ഓഫീസറെ സസ്പെൻഡ് ചെയ്യുകയായിരുന്നു. തപൻ സർക്കാരിനെതിരെ കേസെടുത്തിട്ടുണ്ട്. വിശദ അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികളുണ്ടാകുമെന്ന് കമ്മിഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിക്കുന്ന പ്രത്യേക സ്ഥലങ്ങളിൽ മാത്രം സൂക്ഷിക്കാൻ അനുവാദമുള്ള വോട്ടിംഗ് യന്ത്രവും മറ്റും സ്വകാര്യവ്യക്തിയുടെ വീട്ടിൽ കൊണ്ടുപോയതിനാണ് നടപടി. അവയുടെ സീലുകൾ ഭദ്രമായിരുന്നെങ്കിലും ഇനി ഉപയോഗിക്കില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. ഉപകരണങ്ങൾ പ്രത്യേക മുറിയിൽ സീൽ ചെയ്‌ത് സൂക്ഷിക്കും.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ചെറിയ നടപടികളിൽ ഒതുക്കരുതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.