ഇനി മാറ്റാൻ ആവശ്യപ്പെടരുതെന്ന് സുപ്രീംകോടതി
ന്യൂഡൽഹി : ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം തേടിയുള്ള ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസിന്റെ കത്ത് പരിഗണിച്ചാണിത്. പിണറായി വിജയനൊപ്പം പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടയാളാണ് എ. ഫ്രാൻസിസ്.
വീഡിയോ കോൺഫറൻസിംഗിലൂടെയാണ് കേസ് പരിഗണിച്ചത്. ഇരുപത്തഞ്ചിലേറെ തവണ കേസ് മാറ്റിവച്ചെന്നും, കേസ് എല്ലാതവണയും പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്യുമ്പോൾ ഓരോ കക്ഷികളും വാദം മാറ്റിവയ്ക്കാൻ പുതിയ ആവശ്യങ്ങൾ ഉന്നയിക്കുമെന്നും വി.എം. സുധീരന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദേവദത്ത് കാമത്ത് പറഞ്ഞു. ഇതോടെ ,ഇനിയൊരു തവണ കേസിന്റെ വാദം മാറ്റിവയ്ക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെടാൻ പാടില്ലെന്ന് ജസ്റ്റിസ് യു.യു.ലളിത്, ഇന്ദിര ബാനർജി എന്നിവരുൾപ്പെട്ട ബെഞ്ച് അറിയിച്ചു. സി.ബി.ഐക്കുവേണ്ടി സോളിസിസ്റ്റർ ജനറൽ തുഷാർമേത്ത ഓൺലൈൻ വാദം കേൾക്കലിൽ ലോഗിൻ ചെയ്തിരുന്നെങ്കിലും, കേസ് പരിഗണനയ്ക്കെടുത്തപ്പോൾ കോടതിയിലുണ്ടായിരുന്നില്ല.
എ. ഫ്രാൻസിസിനായി അഭിഭാഷകൻ പ്രകാശ് രഞ്ചൻ നായക്കാണ് ഹാജരായത്.
. പിണറായി വിജയനടക്കമുള്ളവരെ വെറുതേവിട്ട ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയും തങ്ങൾ വിചാരണ നേരിടണമെന്ന വിധിക്കെതിരെ കസ്തൂരിരംഗ അയ്യർ, ആർ. ശിവദാസൻ തുടങ്ങിയ പ്രതികളും നൽകിയ അപ്പീലുകളും കോൺഗ്രസ് നേതാവ് വി.എം. സുധീരന്റെ ഹർജിയുമാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. വിചാരണക്കോടതിയും ഹൈക്കോടതിയും ഒരേ തീരുമാനമെടുത്ത കേസിൽ ശക്തമായ തെളിവുണ്ടെങ്കിൽ മാത്രമേ സുപ്രീംകോടതി ഇടപെടൂ എന്ന് നേരത്തേ ഹർജി പരിഗണിച്ചപ്പോൾ ജസ്റ്റിസ് യു.യു. ലളിത് വാക്കാൽ പറഞ്ഞിരുന്നു.