ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ വോട്ടു ബാങ്കായിരുന്ന മുസ്ളീം ജനതയും കൈവിട്ടുവെന്ന് മമതാ ബാനർജിക്ക് ഉറപ്പായെന്നും അതാണ് അവർക്കിത്ര ഭയമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ വടക്കൻ പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മമതയുടെ ശക്തിയായിരുന്ന മുസ്ളീം വോട്ടുകളും കൈയിൽ നിന്ന് വഴുതിയെന്ന് വ്യക്തമായി. അതുകൊണ്ടാണ് വോട്ടുകൾ ഭിന്നിക്കാതെ മുസ്ളീങ്ങളോട് ഒന്നിക്കാൻ ആവശ്യപ്പെടുന്നത്. തന്നെ രക്ഷിക്കൂ എന്ന് അപേക്ഷിക്കുകയാണ് ദീദി. ഇതിനർത്ഥം തിരഞ്ഞെടുപ്പ് തോൽവി ഉറപ്പായെന്ന് ദീദി പരസ്യമായി സമ്മതിക്കുകയാണ്.
ദീദി മുസ്ളീങ്ങൾ ഒന്നിക്കണമെന്ന് പറഞ്ഞതു പോലെ ബി.ജെ.പി ഹിന്ദുക്കളോട് ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്‌തിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ. തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് നോട്ടീസുകൾ പ്രവഹിച്ചേനെ. പ്രധാനമന്ത്രിക്കും വരും നോട്ടീസ്. കൂടാതെ രാജ്യത്തെ മുഴുവൻ പത്രങ്ങളും എഡിറ്റോറിയലും എഴുതും.
പക്ഷേ ഒരു കാര്യം വ്യക്തമാണ്. ദീദിക്ക് മുസ്ളീങ്ങളുടെ പിന്തുണ നഷ്ടമായി. ബി.ജെ.പിയോട് ജനങ്ങൾ കാണിക്കുന്ന സ്നേഹത്തിന് വികസനത്തിന്റെ രൂപത്തിൽ പലിശയടയക്കം തിരിച്ചു തരുമെന്നും മോദി പറഞ്ഞു.
27ശതമാനം മുസ്ളീം വോട്ടുകളുള്ള വടക്കൻ ബംഗാളിലെ പ്രചാരണത്തിനിടെ കഴിഞ്ഞ ദിവസം മുസ്ളീം വോട്ടുകൾ ഭിന്നിച്ചാൽ ബി.ജെ.പിക്കാണ് ഗുണമെന്ന് മമത മുന്നറിയിപ്പ് നൽകിയിരുന്നു. അസദുദ്ദീൻ ഓവൈസിയുടെ എ.ഐ.എം.ഐ.എമ്മും കോൺഗ്രസ്-സി.പി.എം മുന്നണിയിലുള്ള അബ്ബാസ് സിദ്ധിഖിയുടെ ഐ.എസ്.എഫും മുസ്ളീം വോട്ടുകൾ ഭിന്നിപ്പിക്കുമെന്നാണ് മമത സൂചിപ്പിച്ചത്. അസദുദ്ദീൻ ഓവൈസിയുടെ പാർട്ടി ബി.ജെ.പിയുടെ ബി ടീമാണെന്നും അബ്ബാസ് സിദ്ധിഖി മൂർഖനെക്കാൾ വിഷമാണെന്നും മമത ആരോപിച്ചു.
തിരിച്ചടിച്ച് മമത
പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്കെതിരെ നുണകൾ കൊണ്ട് ആക്രമണം നടത്തുകയാണെന്ന് മമത കുച്ച് ബെഹാറിലെ റാലിയിൽ പറഞ്ഞു. ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ജവാൻമാർ മരിക്കാനിടയായത് പ്രധാനമന്ത്രിയുടെ പിടിപ്പുകേടുകൊണ്ടാണെന്ന് മമത ആരോപിച്ചു. റാഫേൽ ഇടപാടിൽ പണം മോഷ്‌ടിച്ചവരാണ് ബി.ജെ.പിയെന്നും പറഞ്ഞു.