
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് സാഹചര്യം കഴിഞ്ഞ വർഷത്തെക്കാൾ മോശമാവുകയാണെന്നും അടുത്ത നാലാഴ്ച നിർണായകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡിന്റെ രണ്ടാംതരംഗം പ്രതിരോധിക്കുന്നതിന് ജനങ്ങളുടെ സഹകരണം പ്രധാനമാണ്. ആർ.ടി.പി.സി.ആർ പരിശോധന 70 ശതമാനത്തിന് മുകളിലേക്ക് ഉയർത്തണമെന്ന് നിർദ്ദേശം നൽകിയിട്ടും കേരളവും മഹാരാഷ്ട്രയുമടക്കമുള്ള സംസ്ഥാനങ്ങളിൽ അത് പാലിക്കപ്പെട്ടില്ലെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് ഒരുഘട്ടത്തിലും 53 ശതമാനത്തിൽ കൂടിയിട്ടില്ല. നിലവിൽ ആർ.ടി.പി.സി.ആർ പരിശോധനയുടെ അനുപാതം 45 ശതമാനമാണ്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയായി കേസുകൾ വീണ്ടും ഉയരുകയാണ്. ശരാശരി 12 ഓളം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ആഴ്ചയിലെ രോഗസ്ഥിരീകരണനിരക്ക് 5.09 ശതമാനമായി ഉയർന്നതും ആശങ്കയുണ്ടാക്കുന്നതാണ്. മഹാരാഷ്ട്രയിൽ 60 ശതമാനം മാത്രമേ ആർ.ടി.പി.സി.ആർ പരിശോധനകളുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞതവണത്തേക്കാൾ കൊവിഡ് വ്യാപനം വളരെ വേഗത്തിലാണെന്ന് നീതി ആയോഗ് അംഗം ഡോ.വി.കെ പോൾ പറഞ്ഞു. കൊവിഡ് സാഹചര്യം വഷളായി. മുന്നറിയിപ്പുകൾ വേണ്ടത്ര രീതിയിൽ ഗൗനിക്കപ്പെട്ടില്ലെന്നും വി.കെ. പോൾ പറഞ്ഞു.
50 ജില്ലകളിലേക്ക് കേന്ദ്രസംഘം
മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ്, കർണാടക, ഗുജറാത്ത്, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ഡൽഹി ,ഹരിയാന, കേരളം, ചണ്ഡിഗഡ് എന്നിവിടങ്ങളിലെ സ്ഥിതി ആശങ്കാജനകമാണ്.
മഹാരാഷ്ട്രയിലെയും പഞ്ചാബിലെയും ഛത്തീസ്ഗഡിലെയും കേസുകളും മരണനിരക്കും കൂടുന്നതുമായ ജില്ലകളിലേക്ക് 50 കേന്ദ്രസംഘങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ചു. ഒരു സംഘത്തിൽ പൊതുജനാരോഗ്യവിദഗ്ദ്ധൻ ഉൾപ്പെടെ രണ്ടുപേരാണുണ്ടാവുക.
ഏറ്റവും കൂടുതൽ രോഗികളുള്ള ആദ്യ പത്ത് ജില്ലകളിൽ ഏഴും മഹാരാഷ്ട്രയിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 96,982 പേർക്ക് രോഗം സ്ഥിരീകരിച്ചു. 446 പേർ കൂടി മരിച്ചു.
മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, യു.പി, തമിഴ്‌നാട്, ഡൽഹി, മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് പുതിയ കേസുകളിൽ 80.4 ശതമാനവും.
അതേസമയം രാജ്യത്തെ കൊവിഡ് പരിശോധനകൾ 25 കോടി കടന്നു.
ഡൽഹിയിൽ രാത്രി കർഫ്യൂ
ഡൽഹിയിൽ ഏപ്രിൽ 30 വരെ രാത്രി പത്തു മുതൽ രാവിലെ 5 വരെ കർഫ്യൂ പ്രഖ്യാപിച്ചു. കൊവിഡ് കുതിപ്പും ഉയർന്ന പോസിറ്റിവിറ്റി നിരക്കും കാരണമാണ് കർഫ്യൂവെന്ന് സർക്കാർ വ്യക്തമാക്കി. അവശ്യ സർവീസ് ഇ-പാസോടുകൂടി അനുവദിക്കും. സ്വകാര്യ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് മെഡിക്കൽ സ്റ്റാഫുമാർ എന്നിവർക്ക് തിരിച്ചറിയൽ രേഖ കാണിച്ചും വിമാന, ട്രെയിൻ, അന്തർ സംസ്ഥാന ബസ് യാത്രികർ എന്നിവർക്ക് ടിക്കറ്റ് കാണിച്ചും യാത്ര ചെയ്യാം. 3500ലേറെയാണ് ഡൽഹിയിലെ പ്രതിദിന രോഗികളുടെ എണ്ണം. കൊവിഡ് രൂക്ഷമായ രാജ്യത്തെ പത്തുജില്ലകളിൽ ഒന്ന് ഡൽഹിയാണ്. നേരത്തെ മഹാരാഷ്ട്രയും രാജസ്ഥാനും സമാനമായി രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
ആരോഗ്യപ്രവർത്തകർക്കുള്ള
വാക്സിൻ രജിസ്ട്രേഷൻ വീണ്ടും
₹45ന് മുകളിലുള്ള കേന്ദ്രജീവനക്കാരെല്ലാം വാക്സിനെടുക്കണം
ന്യൂഡൽഹി: ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും കൊവിഡ് പ്രതിരോധ വാക്സിൻ കുത്തിവയ്പ്പിനുള്ള രജിസ്ട്രേഷൻ പുനരാരംഭിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
18നും 44നും ഇടയിൽ പ്രായമുള്ള ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും നേരിട്ടുള്ള രജിസ്ട്രേഷൻ സർക്കാർ വാക്സിൻ കേന്ദ്രങ്ങളിൽ മാത്രമേ ലഭ്യമാകൂ. ഇവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ ഒറിജിനലും എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റിന്റെ പകർപ്പും ഹാജരാക്കണം. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകി.
അനർഹരായവർ വാക്സിനെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശനിയാഴ്ചയാണ് ആരോഗ്യപ്രവർത്തകർക്കുള്ള വാക്സിനേഷൻ രജിസ്ട്രേഷൻ നിറുത്തിവയ്ക്കാൻ കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്.45 വയസിന് മുകളിലുള്ള എല്ലാ കേന്ദ്രസർക്കാർ ജീവനക്കാരും കൊവിഡ് വാക്സിനെടുക്കണമെന്ന് ഇന്നലെ
നിർദ്ദേശം നൽകി.
18 വയസിന് മുകളിലുള്ളവർക്ക്
വാക്സിൻ നൽകണം: ഐ.എം.എ
കൊവിഡ് കേസുകളുയരുന്ന പശ്ചാത്തലത്തിൽ വാക്സിനേഷന്റെ പ്രായപരിധിയിൽ ഇളവ് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡക്കൽ അസോസിയേഷൻ.
18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് ഐ.എം.എ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി.
നിലവിൽ 45 വയസിന് മുകളിലുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. പ്രായപരിധി മാനദണ്ഡങ്ങളിൽ ഇളവ് വേണമെന്ന് ഡൽഹിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടിരുന്നു.
അതേസമയം മരണങ്ങൾ കുറയ്ക്കുകയും ആരോഗ്യസംവിധാനത്തെ സംരക്ഷിക്കുകയുമാണ് വാക്സിനേഷൻ യജ്ഞത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്രആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആവശ്യപ്പെടുന്നവർക്കല്ല അർഹതയുള്ളവർക്കാണ് ആദ്യം വാക്സിൻ നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.