ന്യൂഡൽഹി: യു.എസ് ഉപരോധ മുന്നറിയിപ്പ് അവഗണിച്ച് എസ് 400 വ്യോമ വേധ മിസൈൽ ഇടപാടുമായി മുന്നോട്ടുപോകാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും ഡൽഹിയിൽ നടത്തിയ ചർച്ചയിൽ ധാരണയായി.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക-സാങ്കേതിക സഹകരണം ഊട്ടിയുറപ്പിക്കാൻ ചർച്ചയിൽ ധാരണയായെന്ന് സെർജി ലാവ്റോവ് പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ ഇതുസംബന്ധിച്ച അന്തർ സർക്കാർ കമ്മിഷനുകൾ നിലവിലുണ്ട്. അതു പ്രകാരമുള്ള പദ്ധതികൾ നടപ്പാക്കും. ഇന്ത്യയിൽ റഷ്യൻ സൈനിക ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള പദ്ധതികളും ഇതിലുൾപ്പെടും. റഷ്യൻ എസ് 400 വ്യോമ വേധ മിസൈൽ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രിമാർ ഉടൻ വിശദമായ ചർച്ച നടത്തുമെന്ന് എസ്. ജയശങ്കർ അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഇന്ത്യൻ സന്ദർശനം, റഷ്യൻ നിർമ്മിത സ്പുട്നിക് കൊവിഡ് വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്യൽ തുടങ്ങിയ കാര്യങ്ങളും ഇരുവരും ചർച്ച ചെയ്തു.
അഞ്ച് എസ് 400 മിസൈൽ റെജിമെന്റുകൾക്കായി 40,000 കോടി രൂപയുടെ ഇടപാടിനാണ് ഇരുരാജ്യങ്ങളും തമ്മിൽ 2018ൽ കരാർ ഒപ്പിട്ടത്. കരയിൽ നിന്ന് തൊടുക്കാവുന്ന എസ് 400 മിസൈൽ ഉപയോഗിച്ച് 400 കിലോമീറ്റർ ദൂരപരിധിയിലുള്ള വിമാനങ്ങളും ഡ്രോണുകളും വീഴ്‌ത്താനാകും.