ന്യൂഡൽഹി: ഗോവയിൽ കോൺഗ്രസ് ചിഹ്നത്തിൽ വിജയിച്ചശേഷം ബി.ജെ.പിയിലേക്ക് പോയ പത്ത് എം.എൽ.എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് ഉടൻ അന്തിമ തീരുമാനം അറിയിക്കുമെന്ന് ഗോവ സ്‌പീക്കർ സുപ്രീംകോടതിയിൽ അറിയിച്ചു. കൂറുമാറിയ എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ കോൺഗ്രസ് അദ്ധ്യക്ഷൻ ഗിരീഷ് ചോദാൻകർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഈ മാസം 29ഓടെ അന്തിമ തീരുമാനം അറിയിക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചെങ്കിലും കോടതി ഇത് വിസമ്മതിച്ചു. കേസ് 21ന് വീണ്ടും പരിഗണിക്കും. 20ന് അന്തിമ തീരുമാനം സ്പീക്കർ അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി.
2017 തിരഞ്ഞെടുപ്പിന് ശേഷം ഗോവയിൽ തൂക്ക് മന്ത്രിസഭയാണ് ഉണ്ടായത്. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടു കൂടി കോൺഗ്രസിനെ പിന്തള്ളി ഗോവൻ ഫോർവേഡ് പാർട്ടിയുടെയും മൂന്ന് സ്വതന്ത്രരുടെയും ബലത്തിലാണ് ബി.ജെ.പി സർക്കാരുണ്ടാക്കിയത്. എന്നാൽ 2019 ജൂലായ് 10ന് പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്‌ലേക്കറുടെ നേതൃത്വത്തിലുള്ള 10 കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. ഇതോടെ കോൺഗ്രസ് അഞ്ചക്കത്തിലേക്ക് ചുരുങ്ങി.
കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലെത്തിയതോടെ ഗോവൻ ഫോർവേഡ് പാർട്ടിയുമായുള്ള ബന്ധം ബി.ജെ.പി ഉപേക്ഷിച്ചിരുന്നു. ബി.ജെ.പിയലേക്ക് പോയ എം.എൽ.എമാരെല്ലാം കോൺഗ്രസ് ടിക്കറ്റിലാണ് വിജയിച്ചതെന്നും ജനങ്ങളെ വഞ്ചിച്ച് ബി.ജെ.പിയിൽ ചേർന്ന ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.