ന്യൂഡൽഹി: സുപ്രീംകോടതിയിലും ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന യോഗ്യരായ വനിതാ അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി വനിതാ അഭിഭാഷകരുടെ കൂട്ടായ്മ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവ് സംബന്ധിച്ച് നിലവിൽ സുപ്രീംകോടതിയിലുള്ള കേസിനൊപ്പം അപേക്ഷ പരിഗണിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ഉയർന്ന കോടതികളിൽ സ്ത്രീ പ്രാതിനിധ്യം കുറവാണെന്ന് അപേക്ഷയിൽ പറയുന്നു. സുപ്രീംകോടതിയിൽ ആകെ 8 വനിതാ ജഡ്ജിമാരാണ് ഇതുവരെ നിയമിക്കപ്പെട്ടിട്ടുള്ളത്. വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടായിട്ടില്ല. രാജ്യത്തെ ഇരുപത്തഞ്ച് ഹൈക്കോടതികളിൽ തെലങ്കാന ഹൈക്കോടതിയിൽ മാത്രമാണ് വനിതാ ചീഫ് ജസ്റ്റിസുള്ളത്. 661 ഹൈക്കോടതി ജഡ്ജിമാരിൽ 73 പേർ മാത്രമാണ് സ്ത്രീകൾ. മണിപ്പൂർ, മേഘാലയ, പാട്ന, ത്രിപുര, ഉത്തരാഖണ്ഡ് എന്നീ ഹൈക്കോടതികളിൽ ചരിത്രത്തിൽ ഇതുവരെ വനിതാ ജഡ്ജിമാരെ നിയമിച്ചിട്ടില്ല. അതിനാൽ ജുഡീഷ്യറിയിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ കൂടുതൽ നിയമനം നടത്തണമെന്നാണ് അപേക്ഷ.