ന്യൂഡൽഹി: മുംബയ് മുൻ പൊലീസ് കമ്മീഷണർ പരം ബിർ സിംഗ് ഉന്നയിച്ച അഴിമതി ആരോപണത്തിൽ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാരും മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖും സുപ്രീം കോടതിയിൽ ഹർജി നൽകി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.
കഴിഞ്ഞ 5ന് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചതിന് ശേഷം അനിൽ ദേശ്‌മുഖ് ആഭ്യന്തര മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
ഇത് അസാധാരണവും അഭൂതപൂർവവുമായ കേസാണെന്നും അതിനാൽ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് ഗിരീഷ് കുൽക്കർണി എന്നിവരടങ്ങിയ ബെഞ്ചായിരുന്നു സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്. 52 പേജുള്ള വിധിന്യായത്തിൽ സംസ്ഥാന പൊലീസിലുള്ള പൗരന്റെ വിശ്വാസത്തെ അപകടത്തിലാക്കിയെന്ന് ഹൈക്കോടതി പറഞ്ഞു. മൂന്ന് പൊതു താത്പര്യ ഹർജികളാണ് ഇതു സംബന്ധിച്ച് ഹൈക്കോടതിയുടെ മുന്നിലെത്തിയത്. പരംബീർ സിംഗിന് പുറമെ, അഭിഭാഷകൻ ജയശ്രീ പാട്ടിലും പ്രാദേശിക അദ്ധ്യാപകൻ മോഹൻ ഭൈഡെയുമാണ് ഹർജിക്കാർ.