election

 ബി.ജെ.പിയെ കേന്ദ്രസേന സഹായിക്കുന്നുവെന്ന് മമത

 ബംഗാളിൽ ബി.ജെ.പി തരംഗമെന്ന് മോദി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് നടന്ന അസാമിൽ പോളിംഗ് തികച്ചും സമാധാനപരമായിരുന്നു. അതേസമയം മൂന്നാംഘട്ട വോട്ടെടുപ്പ് നടന്ന പശ്ചിമ ബംഗാളിൽ വ്യാപക അക്രമം റിപ്പോർട്ട് ചെയ്തു. തൃണമൂൽ, ബി.ജെ.പി സ്ഥാനാർത്ഥികളടക്കം ആക്രമിക്കപ്പെട്ടു.

ഹൂഗ്ലി ജില്ലയിൽ ആറംഭാഗ് മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർത്ഥി സുജാത ഖാനെ ഒരു സംഘം പോളിംഗ് ബൂത്തിൽ നിന്ന് അടിച്ചോടിച്ചു. ബി.ജെ.പി പ്രവർത്തകരാണ് പിന്നിലെന്ന് തൃണമൂൽ ആരോപിച്ചു. ഒരുസംഘം സ്ഥാനാർത്ഥിയെ വയലിലൂടെ ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പിന്നീട് ഗ്രാമത്തിൽ വച്ചും അവർക്കെതിരെ ആക്രമണമുണ്ടായി. വാഹനത്തിന്റെ ചില്ലുകൾ തകർത്തു. തൃണമൂൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

നോർത്ത് ഉലുബേരിയയിലെ തൃണമൂൽ സ്ഥാനാർത്ഥി ഡോ. നിർമൽ മാജിക്കെതിരെയും കൈയേറ്റമുണ്ടായി. സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റു.
ഖാനാകുളിലെ തൃണമൂൽ സ്ഥാനാർത്ഥിക്കെതിരെയും ആക്രമണമുണ്ടായി. തൃണമൂൽ പ്രവർത്തകർ ആക്രമിച്ചതായി ബി.ജെ.പി സ്ഥാനാർത്ഥി ബിധാൻ പര്യൂ പരാതിപ്പെട്ടു. ബി.ജെ.പി സ്ഥാനാർത്ഥിയും നടിയുമായ പാപിയ അധികാരിക്ക് നേരെ ആക്രമണമുണ്ടായി.
തൃണമൂലിന്റെ ബൂത്ത് പ്രസിഡന്റ് സുനിൽ റോയ് ബൂത്തിൽ നിന്ന് മടങ്ങുന്നതിനിടെ മരിച്ചു. ബി.ജെ.പി പ്രവർത്തകർ അദ്ദേഹത്തെ കൈയേറ്റം ചെയ്തിരുന്നതായി മകൻ ആരോപിച്ചു. സി.പി.എം - തൃണമൂൽ പ്രവർത്തകർ തമ്മിലും ചിലയിടങ്ങളിൽ സംഘർഷമുണ്ടായി.

സംഘർഷം സംബന്ധിച്ച് രാവിലെ മുതൽ നൂറിലേറെ പരാതികളാണ് ലഭിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ട് ഫലമുണ്ടായില്ലെന്നും മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു. കേന്ദ്രസേന ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.

ബംഗാളിൽ ബി.ജെ.പി തരംഗമാണെന്ന് കൂച്ച് ബെഹാറിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി മോദി തിരിച്ചടിച്ചു. പരാജയപ്പെട്ടുവെന്നതിന്റെ സൂചനയാണ് മമതയുടെ പ്രതികരണങ്ങളെന്നും മോദി പറഞ്ഞു.

കനത്ത പോളിംഗ്

ഇന്നലെ നടന്ന മൂന്നാംഘട്ട വോട്ടെടുപ്പിൽ പശ്ചിമ ബംഗാളിൽ വൈകിട്ട് 5 വരെ 77.68 ശതമാനവും അവസാനഘട്ട വോട്ടെടുപ്പ് നടന്ന അസാമിൽ 78.94 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ബംഗാളിൽ ഹൂഗ്ലി, സൗത്ത് 24- പർഗാന, ഹൗറ തുടങ്ങിയ ജില്ലകളിലെ 31 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. മുൻ രാജ്യസഭാ എം.പിയും ബി.ജെ.പി നേതാവുമായ സ്വപൻ ദാസ് ഗുപത്, സി.പി.എം നേതാവും മുൻ മന്ത്രിയുമായ കാന്തി ഗാംഗുലി തുടങ്ങിയവർ ഈ ഘട്ടത്തിൽ ജനവിധി തേടി.
അസാമിൽ ഇന്നലെ 12 ജില്ലകളിലായി 40 മണ്ഡലങ്ങളിലാണ് അവസാനഘട്ട വോട്ടെടുപ്പ് നടന്നത്. 20 മണ്ഡലങ്ങളിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയും കോൺഗ്രസ് തമ്മിൽ നേരിട്ടുള്ള മത്സരമാണ്. മറ്റു മണ്ഡലങ്ങളിൽ ത്രികോണ പോരാട്ടമാണ്. ധനമന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ത് ബിശ്വ ശർമ്മയടക്കം ആറ് മന്ത്രിമാരും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രഞ്ജീത് കുമാർ ദാസ് തുടങ്ങിയവർ ജനവിധി തേടി.