ന്യൂഡൽഹി: ഒട്ടേറെ ക്രിമിനൽ കേസുകളിൽ വിചാരണ നേരിടുന്ന ഗുണ്ടാനേതാവും ഉത്തർപ്രദേശ് ബി.എസ്.പി എം.എൽ.എയുമായ മുക്താർ അൻസാരിയെ തിരികെ യു.പിയിലെത്തിച്ചാൽ അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാകുമെന്നും അതിനാൽ മുക്താറിന് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് മുക്താറിന്റെ ഭാര്യ സുപ്രീംകോടതിയിൽ ഹർജി നൽകി.
പ്രമുഖ രാഷ്ട്രീയ പ്രവർത്തകനായ മുക്താറിന് ഒട്ടേറെ ശത്രുക്കളുണ്ടെന്ന് ഭാര്യ അഫ്ഷാ അൻസാരി സമർപ്പിച്ച ഹർജിയിൽ പറയുന്നു. വിചാരണയ്ക്കിടയിൽ അദ്ദേഹത്തെ വ്യാജ ഏറ്റുമുട്ടലിൽ വധിച്ചേക്കാമെന്ന് ഭയപ്പെടുന്നു.അതിനാൽ സുരക്ഷ ഒരുക്കണമെന്നാണ് ആവശ്യം.
പഞ്ചാബിലെ ജയിലിൽ കഴിയുന്ന അൻസാരിയെ എട്ടിന് മുമ്പ് ഉത്തർപ്രദേശിലെത്തിക്കാൻ മാർച്ച് 26 ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ 150 യു.പി പൊലീസുകാർ ആംബുലൻസ് ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി പഞ്ചാബിലെത്തി. ഇന്ന് മുക്താറുമായി യു.പിയിലേക്ക് യാത്ര തിരിച്ചേക്കും.
അൻസാരിക്കെതിരെ യു.പിയിലും മറ്റ് സംസ്ഥാനങ്ങളിലുമായി 52 കേസുകളാണുള്ളത്. ഇയാളുടെ കൂട്ടാളികളായ 96 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. 192 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ട്.