ന്യൂഡൽഹി: കേരളത്തിനൊപ്പം ഒറ്റഘട്ടമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ് സമാധാനപരം. തമിഴ്നാട്ടിൽ വൈകിട്ട് അഞ്ചുവരെ 63.6 ശതമാനവും പുതുച്ചേരിയിൽ 76.46 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. എ.ഐ.എ.ഡി.എം.കെ നേതാവും ഉപമുഖ്യമന്ത്രിയുമായ ഒ.പനീർശെൽവത്തിന്റെ മകൻ രവീന്ദ്രനാഥ് എം.പിയുടെ കാറ് ആക്രമിക്കപ്പെട്ടു.
കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കനിമൊഴി എം.പി പി.പി.ഇ കിറ്റ് ധരിച്ചാണ് ആൽവാർപേട്ടിലെ ബൂത്തിലെത്തി വോട്ട് ചെയ്തത്.
പാർട്ടി ലോഗോ പതിച്ച വസ്ത്രം ധരിച്ച് വോട്ട് ചെയ്യാനെത്തിയ ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ എ.ഐ.എ.ഡി.എം.കെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. എ.ഐ.എ.ഡി.എം.കെ പ്രവർത്തകൻ ആക്രമിച്ചതായി ഡി.എം.കെ സ്ഥാനാർത്ഥി കാർത്തികേയ ശിവസേനാപതി പരാതിപ്പെട്ടു.
തമിഴ്‌നാട്ടിൽ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. 30 അംഗ നിയമസഭയിലേക്കാണ് പുതുച്ചേരിയിൽ വോട്ടെടുപ്പ് നടന്നത്.