mask

ന്യൂഡൽഹി: കാറിൽ ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ പോലും മാസ്ക് നിർബന്ധമായി ധരിക്കണമെന്ന് ഡൽഹി ഹൈക്കോടതി.

മാസ്ക് ധരിക്കാത്തതിന് പൊലീസ് ചുമത്തിയ പിഴയ്ക്കെതിരെ പരാതിയുമായെത്തിയ അഭിഭാഷകൻ അടക്കമുള്ള ഹർജിക്കാരെ ശാസിച്ചുകൊണ്ടാണ് ജസ്റ്റിസ് പ്രതിഭ എം. സിംഗിന്റെ ഉത്തരവ്.

'മാസ്ക് മാരകമായ വൈറസിനെ പ്രതിരോധിക്കുന്ന സുരക്ഷാ കവചമാണ്. മഹാമാരി വ്യാപിച്ചുതുടങ്ങിയ ആരംഭ ഘട്ടം മുതൽ നിരവധി ഗവേഷകരും ഡോക്ടർമാരും വിദഗ്ദ്ധരും മാസ്‌ക് ധരിക്കൽ അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തിയതാണ്. വാക്‌സിനെടുത്താലും ഇല്ലെങ്കിലും പൊതുസ്ഥലത്ത് മാസ്ക് നിർബന്ധമാണ്. നിരത്തിലിറങ്ങിയാൽ കാറും പൊതുസ്ഥലമായാണ് പരിഗണിക്കപ്പെടുക. അതിനാൽ കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കണം.'- ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ വർഷമാണ് കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കവേ മാസ്‌ക് ധരിക്കാത്തതിന് ഡൽഹി സ്വദേശിയും അഭിഭാഷകനുമായ സൗരഭ് ശർമയുടെതടക്കം നിരവധി പേരിൽ നിന്ന് പൊലീസ് 500 രൂപ പിഴ ഈടാക്കിയത്. സമാനസ്വഭാവമുള്ള പത്തിലേറെ ഹർജികളാണ് കോടതി പരിഗണിച്ചത്.

പൊതുസ്ഥലത്തിറങ്ങുന്നവർ മാസ്‌ക് ധരിക്കണമെന്ന് കഴിഞ്ഞ ഏപ്രിലിലാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നത്. തുടർന്ന് കാറിൽ ഒറ്റയ്ക്കാണെങ്കിലും മാസ്‌ക് ധരിക്കണമെന്ന് ഡൽഹി സർക്കാരും നിർദ്ദേശിച്ചിരുന്നു.