supreme-court

ന്യൂഡൽഹി: ജനസൗഹൃദ നികുതി ഘടന എന്ന നിലയിൽ പാർലമെന്റ് പാസാക്കിയ ​ചരക്ക്, സേവന നികുതി (ജി.എസ്.ടി) നിയമം രാജ്യത്ത് നടപ്പാക്കിയപ്പോൾ മർമ്മപ്രധാനമായ ആ ലക്ഷ്യം നഷ്ടപ്പെട്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജി.എസ്.ടി ഇപ്പോൾ ജനസൗഹൃദം അല്ലാതായിരിക്കുന്നുവെന്നും ജസ്റ്റിസ്‌ ഡി.വൈ.ചന്ദ്രചൂഢ് പറഞ്ഞു.

ജി.എസ്.ടി ഒടുക്കാത്തതിന് ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള സ്വത്ത് വകകൾ കണ്ടുകെട്ടാനുള്ള ഹിമാചൽപ്രദേശിലെ ജി.എസ്.ടി വ്യവസ്ഥയ്‌ക്കെതിരെ രാധാകൃഷ്ണ ഇൻഡസ്‌ട്രീസ് എന്ന സ്ഥാപനം സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ്‌ എം.ആർ.ഷാ കൂടി ഉൾപ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം.
12 കോടി രൂപ നികുതി അടയ്‌ക്കുന്ന ഒരാൾ തുച്ഛമായ തുക നികുതി കുടിശിക വരുത്തിയാലുടൻ സ്വത്ത് കണ്ടുകെട്ടാൻ പാടില്ല. വ്യവസായികളെയെല്ലാം തട്ടിപ്പുകാരായി കണക്കാക്കുന്ന നികുതി സംസ്‌കാരത്തിൽ നിന്ന് രാജ്യം പുറത്തുവരണം. പതിനായിരം കോടി രൂപവരെയാണ് ഉദ്യോഗസ്ഥർ നികുതി കണക്കാക്കുന്നത്. അത് സുപ്രീംകോടതിയോ അപ്പലേറ്റ് ട്രൈബ്യൂണലോ ആയിരം കോടിയായി കുറയ്ക്കുന്നു.

ഉദ്യോഗസ്ഥർക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലാതായിരിക്കുന്നു.

സർക്കാരിന്റെ വരുമാനം സംരക്ഷിക്കുന്ന ഉദ്യോഗസ്ഥർ സത്യസന്ധമായ ബിസിനസുകൾ നടക്കാനുള്ള അവസരവും നൽകണം. രണ്ടിലും സന്തുലനം പാലിക്കണമെന്നും കോടതി നിർദ്ദേശിച്ചു.