supreme-court

ന്യൂഡൽഹി: ഒമ്പതു വർഷം മുമ്പ് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഇറ്റാലിയൻ കപ്പലായ എൻറിക്ക ലെക്‌സിയിലെ നാവികർക്കെതിരായ നടപടികൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയിൽ വീണ്ടും അപേക്ഷ നൽകി. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക്, അന്താരാഷ്ട്ര കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം കൈമാറിയെന്നും ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രപ്രശ്നമായതിനാൽ കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ അപേക്ഷ. ഇന്നലെ കേസിൽ വാദം കേൾക്കവേ കേസിൽ അന്താരാഷ്ട്ര തർക്ക പരിഹാര ട്രൈബ്യൂണലിലെ വിചാരണ നടപടികളെല്ലാം പൂർത്തിയായെന്നും കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകി എല്ലാ ആവലാതികളും പരിഹരിച്ചെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെ അറിയിച്ചു. എങ്കിൽ കേസ് അടുത്തയാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. എന്നാൽ കേസ് ഉടൻ ഒത്തുതീർപ്പാക്കണമെന്ന കേന്ദ്ര ഹർജി പരിഗണിച്ച് കേസ് നാളെ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.