covid

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1,15,736 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 630 പേർ കൂടി മരിച്ചു. കൊവിഡ് സ്ഥിതി രൂക്ഷമായ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തും.

മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ 8 സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. പുതിയ രോഗികളുടെ 80.70 ശതമാനവും ഈ സംസ്ഥാനങ്ങളിൽനിന്നുമാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ - 55,469. ഛത്തീസ്ഗഢിൽ 9921 പേർക്കും കർണാടകയിൽ 6150 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 8.4 ശതമാനമായി ഉയർന്നു. രാജ്യത്ത് ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 8,43,473 ആയി. ഇത് ആകെ രോഗബാധിതരുടെ 6.59 ശതമാനമാണ്.

രോഗമുക്തി നിരക്ക് 92.11 ശതമാനമായി താഴ്ന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ 59,856 പേർ രോഗമുക്തരായി.

വാക്സിൻ വിതരണം: ഇന്ത്യ ഒന്നാമത്

രാജ്യത്ത് ഇതുവരെ 8.7 കോടിയിലധികം കൊവിഡ് വാക്സിൻ ഡോസുകൾ കുത്തിവച്ചു. പ്രതിദിനം ശരാശരി 30,93,861 ഡോസുകൾ നൽകിയതിലൂടെ അമേരിക്കയെ പിന്തള്ളി ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തിൽ വാക്‌സിൻ നൽകുന്ന രാജ്യമായി മാറിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.