ന്യൂഡൽഹി: വിദ്യാർത്ഥികൾ സ്വപ്‌ന ജീവികളാകരുതെന്നും ജീവിത യാഥാർത്ഥ്യങ്ങൾ അറിഞ്ഞ് വളരണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കുട്ടികളിൽ പരീക്ഷാപ്പേടി മാറ്റുന്നതിനായുള്ള ഇക്കൊല്ലത്തെ 'പരീക്ഷാ പേ ചർച്ച' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രോട്ടോക്കോൾ പരിഗണിച്ച് വീഡിയോ കോൺഫറൻസ് വഴിയായിരുന്നു സംവാദം. കുട്ടികളുമായി നേരിട്ട് ഇടപഴകാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'സ്വപ്നം കാണുന്നത് നല്ലതാണ്. പക്ഷേ അതിൽ ജീവിക്കുന്നത് നല്ലതല്ല. ലോകം വളരെ വലുതാണ്. യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് തങ്ങളുടെ ലക്ഷ്യങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്. ചുറ്റുമുള്ള അവസരങ്ങളെ ശ്രദ്ധിക്കുക. പരീക്ഷകൾ ജീവിതത്തിൽ നല്ല പ്രകടനം കാഴ്‌ചവയ്‌ക്കാൻ സഹായിക്കുന്ന അവസരങ്ങളാണ്. പഠിക്കുമ്പോൾ ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്കാണ് ആദ്യം പരിഗണന നൽകേണ്ടത്. ബാക്കിയുള്ളവ പിന്നീട് പഠിക്കാം.
ഒഴിവു സമയങ്ങൾ ക്രിയാത്മകമായി പ്രയോജനപ്പെടുത്തണം. രക്ഷിതാക്കളെ സഹായിക്കണമെന്നും പുതിയ കഴിവുകൾ വളർത്തുന്ന പ്രവൃത്തികളിൽ ഏർപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
രക്ഷിതാക്കൾ ഉപദേശം നൽകുന്നതിന് പകരം കുട്ടികളുടെ മുന്നിൽ സ്വയം മാതൃകയാകണം. തങ്ങളുടെ ചിന്തകൾ കുട്ടികളിൽ അടിച്ചേല്പിക്കാൻ ശ്രമിക്കരുത്. അവരിൽ ഭയമുണ്ടാക്കരുത്. നല്ല പുസ്‌തകങ്ങൾ, സിനിമകൾ, ഡോക്യുമെന്ററികൾ, പുരാണങ്ങൾ എന്നിവ വഴി അവർക്ക് പ്രചോദനം നൽകാം. നേരത്തെ എഴുന്നേറ്റ് പഠിക്കുന്നതിന്റെ ഗുണങ്ങൾ ചർച്ച ചെയ്‌ത് അവരെ മനസിലാക്കി ശീലമാക്കണം.
കുട്ടികൾക്ക് നാടൻ ഭക്ഷണം പുതിയ രീതിയിൽ തയ്യാറാക്കി നൽകണമെന്നും അവ പാകം ചെയ്യുന്ന വിധം അവരെ പഠിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.