ന്യൂഡൽഹി: വോട്ടുകൾ ഭിന്നിക്കാതിരിക്കൻ മുസ്ളീങ്ങൾ ഒന്നിക്കണമെന്ന പരാമർശത്തിന്റെ പേരിൽ തൃണമൂൽ നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചു. 48 മണിക്കൂറിനുള്ളിൽ മറുപടി നൽകണം. ബി.ജെ.പിയുടെ പരാതി പ്രകാരമാണ് നോട്ടീസ്. മമതയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി എടുക്കാത്തത് പ്രധാനമന്ത്രി നരേന്ദ്രമോദി ചോദ്യം ചെയ്‌തിരുന്നു.
ഏപ്രിൽ മൂന്നിന് വടക്കൻ ബംഗാളിലെ ഹൂഗ്ളി ജില്ലയിലെ താരകേശ്വറിലെ റാലിയിലാണ് മമത മുസ്ളീം വിഭാഗം ഒന്നിച്ചു നിൽക്കണമെന്ന് ആഹ്വാനം ചെയ്‌തത്. മുസ്ളീം വോട്ടുകൾ ഭിന്നിച്ചാൽ ബി.ജെ.പിക്കാണ് ഗുണമെന്നും മമത പറഞ്ഞു. 27 ശതമാനം മുസ്ളീം വോട്ടുകളുള്ള വടക്കൻ ബംഗാളിൽ അസദുദ്ദീൻ ഓവൈസിയുടെ എ.ഐ.എം.ഐ.എമ്മും കോൺഗ്രസ്-സി.പി.എം മുന്നണിയിലുള്ള അബ്ബാസ് സിദ്ധിഖിയുടെ ഐ.എസ്.എഫും മുസ്ളീം വോട്ടുകൾ ഭിന്നിപ്പിക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു മമതയുടെ ആഹ്വാനം. എന്നാൽ പ്രസ്‌താവന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും വിശദീകരണം നൽകണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസിൽ വ്യക്തമാക്കി.